പൊലീസ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, എതിർത്താൽ ജയിൽ -ചെന്നിത്തല

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കരിനിയമം വഴി വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും വ്യക്തികളേയും നിശബ്ദരാക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. പരാതിക്കാരില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന വകുപ്പാണിത്.

ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലീസ് എങ്ങനെ തീരുമാനിക്കും? അതായത്,

വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിത്. ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാറിനെതിരെ പത്രസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. അപ്പോള്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും, വിമര്‍ശിച്ചാല്‍ ജയിലിലടയ്ക്കാം എന്നുമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ്. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ്.

ഐ.ടി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് കണ്ട് 2015 സെപ്റ്റംബറില്‍ സുപ്രീംകോടതി റദ്ദാക്കിയതാണ്. ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശം പരിപാവനമായാണ് ഭരണഘടന കരുതുന്നത് എന്ന് ഈ കേസിലെ വിധി പ്രസ്താവിച്ച് അന്നത്തെ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചലമേശ്വറും, ജസ്റ്റിസ് റോഹിങ്ങ്ടന്‍ നരിമാനും പറഞ്ഞത്.

ഈ വിധിയെ അന്ന് ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് സി.പി.എം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സുപ്രീംകോടതി റദ്ദാക്കിയ 66 എ നിയമത്തിനെക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു മാധ്യമ മാരണ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നിരിക്കുകയാണ്. മാധ്യമങ്ങളെയും സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - ramesh chennithala condemns police act amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.