ഇരട്ട വോട്ടുകൾ മരവിപ്പിക്കണം; ചെന്നിത്തല ഹൈകോടതിയിൽ ഹരജി നൽകി

കൊച്ചി: ഇരട്ടവോട്ടുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ ഹരജി നൽകി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈകോടതിയെ സമീപിച്ചത്.

ഇരട്ട വോട്ടുള്ളവർക്ക് രണ്ടാമത്തെ വോട്ടുള്ള സ്ഥലത്ത് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കരുത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഗുരുതര വിഷയത്തിൽ കോടതി ഇടപെടണം. അഞ്ച് തവണ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇരട്ടവോട്ടുള്ളവരെ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. 

സം​സ്ഥാ​ന​ത്തെ വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യി ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ നേരത്തെ ശ​രി​വെ​ച്ചിരുന്നു. ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍ ഇ​ര​ട്ട വോ​ട്ട് ക​ണ്ടെ​ത്തി​യ​താ​യി ക​ല​ക്ട​ര്‍മാ​ര്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടും ന​ല്‍കിയിട്ടുണ്ട്.

വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 1606 ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന പ​രാ​തി​യി​ൽ 540 എ​ണ്ണ​വും ഇ​ടു​ക്കി​യി​ല്‍ 1168 എ​ണ്ണ​മു​ണ്ടെ​ന്ന​തി​ൽ 434ഉം ​ശ​രി​യാ​ണെ​ന്ന്​ പ്രാഥമിക അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി​യി​ല്‍ 570, പാ​ല​ക്കാ​ട് 800 കാ​സ​ർ​കോ​ട്​ 640 എ​ണ്ണം വീ​ത​വും ത​വ​നൂ​രി​ല്‍ 4395 എ​ണ്ണ​ത്തി​ൽ 70 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട് 3767ൽ 50 ​ശ​ത​മാ​ന​വും ഇ​ര​ട്ട വോ​ട്ടു​ക​ളാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്ന് ടി​ക്കാ​റാം മീ​ണ അറിയിച്ചത്.

പ്രതിപക്ഷ നേതാവിന്‍റെ പരാതിക്ക് പിന്നാലെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് നിർദശിച്ചത്. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റവെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കണം.

ശേഷം ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട വോട്ടർമാരെ ശ്രദ്ധിക്കാനായി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. കൂടാതെ, ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണംമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ നിർദേശിക്കുന്നു. ഇരട്ട വോട്ട് കണ്ടെത്തേണ്ടത് പോളിങ് ഒാഫീസറുടെ ഉത്തരവാദിത്തമാണ്. ആൾമാറാട്ടം കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Ramesh Chennithala in High Court against double votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.