കെ.ടി ജലീൽ ഇടപെട്ട്​ എം.ജി സർവകലാശാലയിൽ മാർക്ക്​ ദാനം നടത്തി -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ നേരിട്ട്​ ഇടപെട്ട്​ എം.ജി സർവകലാശാലയിൽ അദാലത്തിലൂടെ തോറ്റ വിദ്യാർഥികൾക്ക്​ മാർക്ക്​ ദാനം നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മന്ത്രിക്ക്​ അക്കാദമിക കാര്യങ്ങൾ ഇടപെടാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകി. സർവകലശാല പരീക്ഷാ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. മന്ത്രി രാജിവെച്ച്​ മാറിനിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എം.ജി സർവകലാശാലയിലെ അദാലത്തിന്‍റെ മറവിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് ദാനം നടത്തി.ഇടതുപക്ഷ സർക്കാറിന്​ കീഴിൽ പി.എസ്​.സി പരീക്ഷാ തട്ടിപ്പിന്​ പുറമെ കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരു മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാര്‍ക്കാക്കി. സർവകലാശാലയിലെ അദാലത്തിൽ മാർക്ക്​ കൂട്ടി നൽകാൻ അനുവാദമില്ലെന്ന്​ അധികൃതർ ചൂണ്ടിക്കാട്ടി. പിന്നീട്​ വിഷയം സിൻഡിക്കേറ്റിന്​ വിട്ടു. മാർക്ക്​ അധികം നൽകാൻ ചട്ടമില്ലെന്ന്​ സിൻഡക്കേറ്റ്​ അറിയിച്ചു. അജണ്ടയിൽ ഉൾപ്പെടുത്താതെ ഇക്കാര്യം ചർച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്​ പിന്നില്‍. പക്ഷേ, ഒരിക്കലും ഇങ്ങനെ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധികാരമില്ല. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഡാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു.

ആറാം സെമസ്റ്ററിലെ സപ്ലിമ​​​​െൻററി പരീക്ഷയില്‍ ഒരു മാര്‍ക്കിന് തോറ്റ വിദ്യാര്‍ഥിക്കാണ് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ സര്‍വീസ് സ്‌കീം അനുസരിച്ച് മാര്‍ക്ക് കൂട്ടി നല്‍കണമെന്ന വിദ്യാര്‍ഥിയുടെ അപേക്ഷ നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി വിദ്യാര്‍ഥി അദാലത്തില്‍ പങ്കെടുത്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതും വിഷയത്തില്‍ ഇടപെട്ടതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവം അതീവഗൗരവതരമാണ്​.ഒരുഭാഗത്ത് പി.എസ്.സി.യെ തകര്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സര്‍വകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും ചെന്നിത്തല വിമാർശിച്ചു. പി.എസ്​.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View
Tags:    
News Summary - Ramesh Chennithala -MG University Exam fraud - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.