ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് -കെ.എസ്.യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണർ. ഇപ്പോൾ പ്രതിഷേധം ഗവർണർക്കെതിരായപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നത്.

മുഖ്യമന്ത്രി, തനിക്കെതിരെ തിരിയുന്നവർ 'ആരായാലും കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് നൽകുന്നത്. അതിന് സ്വന്തം പാർട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി ഞങ്ങളുടെ കുട്ടികളെ നാട് നീളെ തല്ലിച്ചെന്ന് മാത്രമല്ല.അവർക്ക് മംഗളപത്രം നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കുട്ടികളെ തല്ലിയ പൊലീസുകാരെ പിണറായി വെറുതെ വിട്ടില്ല. ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചു. എന്നാൽ പിന്നീട് മോദിയെക്കണ്ടപ്പേൾ മുഖ്യമന്ത്രിയുടെ പതർച്ച എത്രത്തോളമെന്ന് അന്നത്തെ ഒരൊറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണ്. ഇപ്പോൾ ഗവർണർക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രം. യഥാർഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്.ഇവർ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യാതെ പോകുന്നു.

രണ്ട് പേരും ചേർന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കുപോലും ഗുഡ് സർവീസ് എൻട്രി നൽകുന്ന അവസ്ഥയാണിപ്പോൾ. പൊലീസേനയുടെ ഒരു വിഭാഗം സി.പി.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala wants to end the police and thief game played by the Governor and the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.