സ്​ത്രീകൾക്കെതിരെ ഒരു പീഡനവും പാടില്ലെന്നാണ്​ ഉദ്ദേശിച്ചത്​; വിവാദ പരാമർശത്തിൽ ചെന്നിത്തല

തിരുവനന്തപുരം: ഡി.വൈ.എഫ്​.ഐക്കാർക്ക്​ മാത്രമേ പീഡിപ്പിക്കാൻ പാടുള്ളൂ എന്ന്​ എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

സ്​ത്രീകൾക്കെതിരെ ഒരു തരത്തിലുള്ള പീഡനവും പാടില്ലെന്നാണ്​ ഉദ്ദേശിച്ചത്​. ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സർവീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അർഥത്തിലാണ് താന്‍ അത്​ പറഞ്ഞത്​. മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പ്രസ്​താവനയിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത്​ വളച്ചൊടിക്കുകയാണെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും തൻെറ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിൻെറ ഭാഗമാണ് ഇതും. കോവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രമാണിതെന്നും നിക്ഷിപ്ത താല്പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്നും ചെന്നിത്തല അഭ്യർഥിച്ചു.

യു.ഡി.എഫ്​ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം. കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത്​ ഇൻസ്​പെക്​ടർ പ്രദീപ്​കുമാർ കോൺഗ്രസ്​ അനുകൂല എൻ.ജി.ഒ സംഘടനയിലെ സജീവപ്രവർത്തകനല്ലേ എന്ന മാധ്യമപ്രവർത്തകൻെറ ചോദ്യത്തോടുള്ള പ്രതികരണമാണ്​ വിവാദമായത്​.

പീഡിപ്പിച്ചത്​ എൻ.ജി.ഒ അസോസിയേഷനാണ്​, കോൺഗ്രസുകാരനാണ്​ എന്നിങ്ങനെ കള്ളം പ്രചരിപ്പിക്കുകയാണെന്നും അയാൾ എൻ.ജി.ഒ യൂണിയനിൽപെട്ട ആളാണെന്നാണ്​ തനിക്ക്​ കിട്ടിയ വിവരമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയുടെ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ്​ മാപ്പ്​ പറയണമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.