കോഴിക്കോട്: യു.എ.ഇയിലേക്കുള്ള യാത്രക്ക് റാപിഡ് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കോഴിക്കോട് അടക്കം കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസികൾ. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ റാപിഡ് പി.സി.ആർ ടെസ്റ്റ് നടത്തുന്ന കൗണ്ടറിലെ തിരക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം ഒഴിവാക്കുംവിധമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
ഗൾഫിലേക്കുള്ള യാത്രക്കാർ ആറുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് കർശന നിർദേശമുണ്ട്. എന്നാൽ, ഒരേ സമയം രണ്ടും മൂന്നും എമിറേറ്റുകളിലേക്കുള്ള യാത്രക്കാർ ഒരുമിച്ച് എത്തുേമ്പാൾ റാപിഡ് പി.സി.ആർ ടെസ്റ്റിന് ജീവനക്കാർ കുറവായതിനാൽ പ്രവാസികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരികയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്കടക്കം ഇത് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ടെസ്റ്റ് റിസൾട്ട് ലഭിക്കാതെ ബോർഡിങ് പാസ് ലഭിക്കുകയില്ല. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് എയർലൈൻ കമ്പനികൾ കൗണ്ടർ അടക്കുമെന്നതിനാൽ പരിശോധനയും റിസൾട്ടും വൈകുന്നത് പ്രവാസികളെ ഏറെ സമ്മർദ്ദത്തിലാക്കുകയാണ്.
കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ കൗണ്ടറുകളിൽ ആകെ മൂന്ന് ജീവനക്കാർ ആണ് ഉള്ളത്. സ്രവമെടുക്കാൻ രണ്ടുപേരും. ഒരേസമയം, മുന്നൂറിനടുത്ത് യാത്രക്കാർ എത്തുേമ്പാൾ പരിശോധനക്ക് ഏറെ സമയമെടുക്കും. സ്വകാര്യ ലാബ് ഗ്രൂപ്പിനാണ് പരിശോധനയുടെ ചുമതല. ഇതിന് 2,500 രൂപയാണ് ഫീസ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബൂദബിക്ക് പോകാനെത്തിയ പൂനൂർ സ്വദേശി സാദിഖ് വേണാടി എന്ന പ്രവാസി പങ്കുവെച്ച അനുഭവം ഇങ്ങനെ-
കഴിഞ്ഞദിവസം രാത്രി 8.45നാണ് അബൂദബിയിലേക്ക് പോകാൻ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നത്. പുലർച്ചെ 3.30നാണ് ഫ്ലൈറ്റ്. ആറ് മണിക്കൂർ മുമ്പ് എത്തണമെന്ന കർശന നിർദേശമുള്ളതുകൊണ്ടാണ് 8.45ന് എത്തിയത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാന സമയം 5.15ലേക്ക് മാറ്റിയെന്ന് അറിയുന്നത്. വലിയ ഒരു കടമ്പയാണ് വിമാനത്താവളത്തിൽ കടക്കേണ്ടത്. പോകേണ്ടത് യു.എ.ഇയിലേക്ക് ആയതിനാൽ കോവിഡ് റാപിഡ് പി.സി.ആർ ടെസ്റ്റ് ചെയ്യണം. അതും പുറപ്പെടുന്നതിന്‍റെ നാലുമണിക്കൂർ മുമ്പ്.
അബൂദബിക്കുള്ള ഫ്ലൈറ്റിൽ ഞാനടക്കം 185 ആളുകൾ ഉണ്ട്. ഞാൻ എത്തിയ സമയം ഷാർജയിലേക്കുള്ള യാത്രക്കാർക്കുള്ള റാപിഡ് ടെസ്റ്റ് നടക്കുകയാണ്. അബൂദബി ഫ്ലൈറ്റ് വൈകി ആയതിനാൽ അർധരാത്രി 12 മണിക്ക് എത്താനാണ് എനിക്ക് ലഭിച്ച നിർദേശം. അതുപ്രകാരം 12 മണിക്ക് എത്തിയപ്പോൾ ലഭിച്ച ടോക്കൺ 142. കാത്തുനിൽക്കുന്നതിനിടയിൽ അബൂദബി യാത്രക്കാർക്ക് റാപിഡ് ടെസ്റ്റ് ഉള്ളിൽ നിന്നാണെന്ന അറിയിപ്പ് ലഭിച്ചു. അരമണിക്കൂർ ക്യൂ നിന്ന ശേഷം ഉള്ളിൽ കയറി. വളരെ സങ്കടം തോന്നിയത് 185 പേർക്കും റാപിഡ് ടെസ്റ്റിനുള്ള രജിസ്ട്രേഷൻ നടത്താൻ മൂന്നുപേർ മാത്രമേയുള്ളൂ എന്ന് കണ്ടപ്പോഴാണ.് അപ്പോഴും ഷാർജയിലേക്കുള്ള യാത്രക്കാരുടേത് കഴിഞ്ഞിരുന്നില്ല. ഞങ്ങൾ കാത്തുനിന്നപ്പോൾ ദുബൈയിേലക്കുള്ള യാത്രക്കാരുമെത്തി. അവരുടെ ഫ്ലൈറ്റ് രാവിലെ 7.35നാണ്. അവരുടെയും റാപിഡ് ടെസ്റ്റ് ആരംഭിച്ചു. ഇത്രയും യാത്രക്കാർക്കുള്ള കൗണ്ടറിലുള്ളത് മൂന്നുപേർ. സ്രവം എടുക്കാൻ രണ്ടുപേർ. ഫീസ് 2500 രൂപയും.
റാപിഡ് ടെസ്റ്റ് 3.30ന് നടക്കുന്നു. ഫലം വന്നത് 4.30ന്. പോകേണ്ട ഫ്ലൈറ്റ് 5.15നും. ഞങ്ങൾ എല്ലാം എത്ര പ്രയാസത്തിലായി എന്ന് അറിയാമോ? റാപിഡ് ടെസ്റ്റ് റിസൽട്ട് ഇല്ലാതെ ബോർഡിങ് പാസ് ലഭിക്കില്ല. ഒരു മണിക്കൂർ മുമ്പ് കൗണ്ടർ അടിക്കുകയും ചെയ്യും. കൈക്കുഞ്ഞുങ്ങളടക്കം എത്ര പേരാണ് ബുദ്ധിമുട്ടിലായത്? സംവിധാനം മാറ്റണം സർ, സൗകര്യം കൂട്ടണം. ഈ കോവിഡ് കാലത്ത് യാത്രക്കാരെ പുറത്തുള്ള ആളുകളുടെ കൂടെ നിർത്തരുത്. വാങ്ങുന്ന പണത്തിന് അനുസരിച്ചുള്ള സംവിധാനം ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.