തൃശൂർ: റേഷൻ ഗുണഭോക്താക്കളിൽ ഉൾപ്പെട്ട മുൻഗണന വിഭാഗത്തെ കണ്ടെത്താൻ 13 വർഷം മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ദാരിദ്ര്യ ലഘൂകരണ പദ്ധതി പ്രകാരം തയാറാക്കിയ ബി.പി.എൽ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു. ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ സന്ദർഭത്തിൽ തിരസ്കരിച്ച പട്ടികയിൽ ഉൾപ്പെട്ടവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് പുതിയ ഉത്തരവ്. 2009ൽ തയാറാക്കിയ പട്ടികയിൽ വ്യാപക പരാതികൾ ഉണ്ടായതിന് പിന്നാലെ തുടർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വന്ന പട്ടികയാണ് വീണ്ടും പരിഗണനക്ക് വരുന്നത്.
ആദ്യം കുടുംബശ്രീ അംഗങ്ങൾ തയാറാക്കിയ ബി.പി.എൽ പട്ടിക വ്യാപക അബദ്ധങ്ങൾക്ക് പിന്നാലെ അധ്യാപകരെ നിയോഗിച്ച് പുതുക്കുകയായിരുന്നു. എന്നാൽ, അധ്യാപകർ തയാറാക്കിയ പട്ടികയും അത്ര സുതാര്യമായിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടിക അനുസരിച്ച് സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ ഗുണഭോക്താക്കളായ ബി.പി.എല്ലുകാരെ കണ്ടെത്തുന്നതിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
ഇതോടെ എൻ.എഫ്.എസ്.എ പ്രാബല്യത്തിൽ വന്ന ശേഷം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ പുതിയ മാനദണ്ഡം സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് പൊതുവിതരണ, സാമൂഹികസേവന, തദ്ദേശഭരണ വകുപ്പുകളുടെ ഏകോപനത്തോടെ വിവിധ ക്ലേശഘടകൾക്ക് അനുസരിച്ച് 30 മാർക്ക് ലഭിക്കുന്നവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. അതോടൊപ്പം ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 20 മാർക്ക് ലഭിക്കുന്ന സാഹചര്യം തുടരുകയും ചെയ്തു. ഈ 20 മാർക്കിന്‍റെ അടിസ്ഥാനത്തിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട രണ്ട് ലക്ഷത്തിലധികം അനർഹരെ പുറത്താക്കേണ്ടിയും വന്നു. അതേസമയം, 2009ന് ശേഷമുള്ള പട്ടികയിൽ ഉൾപ്പെടാത്തവർക്ക് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നതിന് പാരയായി ബി.പി.എൽ പട്ടിക മാറുകയും ചെയ്തു. ഇതിന് പരിഹാരമായി ഗ്രാമസേവകർ നടത്തുന്ന വീട് പരിശോധനയുടെ അടിസഥാനത്തിൽ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രത്തിന് 20 മാർക്ക് നൽകാനുള്ള പുതിയ നിർദേശം പുതിയ ഉത്തരവിലുണ്ട്. എന്നാൽ, 13 വർഷങ്ങൾക്കിപ്പുറമുള്ള പട്ടിക പരിഗണിക്കുന്നതിനപ്പുറം പുതിയ പട്ടിക തയാറാക്കുകയാണ് വേണ്ടതെന്ന ആവശ്യമുയർന്നിട്ടുണ്ട്. അതല്ലെങ്കിൽ അനർഹർ വീണ്ടും ഇടംപിടിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.