തൃശൂർ: സംസ്ഥാനത്ത് റേഷൻ ശുദ്ധീകരണ പ്രക്രിയ പുരോഗമിക്കവെ ഗുണഭോക്താക്കളായ അർഹരെ കാത്ത് 15,000 ഒഴിവുകൾ.
നേരത്തേ ലഭിച്ച അപേക്ഷയുടെ പശ്ചാത്തലത്തിൽ ഹിയറിങ് നടത്തി മാനദണ്ഡങ്ങൾ പരിശോധിച്ച് 41,400 പേരെ ഇതുവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. അനർഹരാണെന്ന് കണ്ടെത്തിയ 56,400 പേരെ ഒഴിവാക്കുകയും ചെയ്തു.
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കാർഡ് ഉടമകൾ നൽകിയ അപേക്ഷയിൽ റേഷനിങ് ഇൻസ്പെക്ടർ ഹിയറിങ് നടത്തി ക്ലേശഘടകങ്ങൾ കണ്ടെത്തി മാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 30 മാർക്കുവരെ ലഭിച്ചവരാണ് മുൻഗണന പട്ടികയിലുൾപ്പെട്ടത്.
ഇപ്രകാരം ഹിയറിങ് നടത്തി റിപ്പോർട്ട് നൽകേണ്ടത് ആഗസ്റ്റ് 14നായിരുന്നു. ആഗസ്റ്റ് 31 വരെ നീട്ടിനൽകിയിട്ടും സംസ്ഥാനത്തെ 81 താലൂക്കുകളിൽ 60 താലൂക്കുകളിൽനിന്നാണ് റിപ്പോർട്ട് ലഭിച്ചത്. 21 താലൂക്കുകളിലെ അപേക്ഷകളിൽ ഇനിയും റിപ്പോർട്ട് നൽകാനുണ്ട്.
അതിനാൽ 21 താലൂക്കുകളിലെ അപേക്ഷകരുടെ റിപ്പോർട്ടുകൾ വീണ്ടും തേടുകയാണ് അധികൃതർ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. 21 താലൂക്കുകളിൽനിന്നുവരുന്ന റിപ്പോർട്ടുകൾ പരിശോധിച്ച് അർഹരായവർക്ക് ഒഴിവുള്ള അവസരം നൽകും. ശേഷം പുതുതായി കാർഡ് ലഭിച്ച ഉടമകൾ നൽകിയ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും.
അതിനിടെ അനർഹരെ പുറത്താക്കുന്ന നടപടി തുടരുകയാണ്. എന്നാൽ, മൂന്നുമാസം റേഷൻ വാങ്ങാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. രോഗങ്ങളും ഇതര പ്രയാസങ്ങളും മൂലം റേഷൻ വാങ്ങാത്തവരും ഉൾപ്പെട്ടതാണ് പരാതി ഉയരാൻ കാരണം.
ഒരുതാലൂക്കിൽ മൂന്നുമാസം റേഷൻ വാങ്ങാത്ത 100ൽ താഴെ പേർ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരക്കാരെ ഫർക്കകളാക്കി തിരിച്ച് റേഷനിങ് ഇൻസ്പെക്ടർമാർ ഫോണിൽ അന്വേഷിച്ചാൽ രോഗികളെയും മറ്റ് പ്രശ്നക്കാെരയും കണ്ടെത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.