തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ പാക്കേജ് പ്രതിമാസം 45 ക്വിൻറലെങ്കിലും ഭക്ഷ്യവിൽപന നടത്തുന്ന റേഷൻകടകൾക്കാണ് ലഭിക്കുക. അതിനനുസരിച്ച് കാർഡുകളില്ലാത്ത റേഷൻകടകൾ പുനഃക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു നിലവിൽ സംസ്ഥാനത്ത് 45 ക്വിൻറലിന് താഴെ മാത്രം വിറ്റുവരവുള്ള 2735 റേഷൻകടകളാണ് ഉള്ളത്.
പാക്കേജ് നടപ്പാക്കുന്നതോടെ ഇതിൽ പകുതി അടച്ചുപൂട്ടേണ്ടിവരുമെന്നാണ് വിവരം. 45 ക്വിൻറൽ മുതൽ 72 ക്വിൻറൽവരെ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടയുടമകൾക്ക് 220 രൂപ കമീഷനും സഹായധനമായി പരമാവധി 6100 രൂപയുമടക്കമാണ് 16,000 രൂപ. 100 ക്വിൻറൽ വിതരണം ചെയ്യുന്ന റേഷൻ കടക്ക് 22,000 രൂപയും190 ക്വിൻറൽ വിതരണം ചെയ്യുന്ന കടക്ക് 41,800 രൂപയും 221 ക്വിൻറല്‍ വിതരണം ചെയ്യുന്ന കടക്ക് 48,620 രൂപ വേതനമായി ലഭിക്കും.
ഭക്ഷ്യമന്ത്രി പറയുന്നത്...
ഈ മാസം അവസാനത്തോടെ കൊല്ലം കരുനാഗപ്പള്ളിയില്‍ ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതിന് തുടക്കമാകും. യന്ത്രം സ്ഥാപിക്കുന്ന മുറക്കേ പാക്കേജ് നടപ്പിലാക്കൂ. അപ്പോൾ മാത്രമേ ജനങ്ങളിൽനിന്ന് കൈകാര്യ ചെലവായ ഒരു രൂപ ഈടാക്കൂ. ഫെബ്രുവരിയോടെ സംസ്ഥാനത്തെ എല്ലാ കടകളിലും യന്ത്രം സ്ഥാപിക്കും. വാതില്‍പ്പടി വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്നും കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം നല്‍കാത്ത സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ഇതെല്ലാം സർക്കാർ നേരത്തേ അറിയിച്ചിരുന്നതാണ്. എന്നിട്ടും സമരത്തിനിറങ്ങിയ റേഷൻ വ്യാപാരികളുടെ സമരം വിജയമാണോയെന്ന് പറയേണ്ടത് അവർ തന്നെയാണ്.
വ്യാപാരികൾ പറയുന്നത്...
സമരം നൂറുശതമാനവും വിജയമാണ്. സമരം നടത്തിയതുകൊണ്ടാണ് ആറുമാസമായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന വേതന പാക്കേജ് ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചത്. റേഷൻ വ്യാപാരികൾ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ സർക്കാറുമായി തുടർന്നും യോജിച്ച് മുന്നോട്ടുപോകുമെന്നും സമരസമിതി കൺവീനർ ടി. മുഹമ്മദാലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.