പൊതുവിതരണ സമ്പ്രദായത്തിന് ജനപ്രീതി കൂടിയതായി സർവേ

കൊച്ചി: ലോക്ഡൗൺ കാലത്ത് റേഷൻകടകൾ വഴിയുള്ള പൊതുവിതരണ സംവിധാനത്തിന് ജനപ്രീതി കൂടിയതായും വലിയ ഭൂരിപക്ഷം ആളുകളും ഈ സംവിധാനത്തെ ആശ്രയിച്ചതായും സർവേ ‍ഫലം.  ലോക്ഡൗൺ കാലത്ത് മലയാളികളുടെ ഉപഭോഗത്തിലും വാങ്ങൽ രീതികളിലും ഉണ്ടായ മാറ്റങ്ങൾ മനസിലാക്കുന്നതിനായി കൊച്ചി ആസ്ഥാനമായുള്ള സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) നടത്തിയ ഓൺലൈൻ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റേഷൻ കാർഡുള്ള കുടുംബങ്ങളിൽ 92 ശതമാനവും ഈ ലോക്ക്ഡൌൺ സമയത്ത് റേഷൻ വാങ്ങിയതായി സർവ്വെ ഫലം വ്യക്തമാക്കുന്നു. കാർഡുള്ളവരിൽ 16 ശതമാനം ആദ്യമായിട്ടോ അല്ലെങ്കിൽ വളരെക്കാലത്തിന് ശേഷമോ റേഷൻ വാങ്ങിച്ചവരാണ്. മലയാളികൾ നിത്യോപയോഗ സാധനങ്ങൾക്കായി പലചരക്ക് കടകളെ ആശ്രയിക്കുന്നത് കൂടുകയും, സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കുന്നത് കുറയുകയും ചെയ്തതായി റിപ്പോർട്ടിലുണ്ട്. 

ലോക്ഡൗണിന് മുമ്പ് പലചരക്ക് സാധനങ്ങൾ വാങ്ങാനായി 38 ശതമാനം ആളുകൾ സൂപ്പർ മാർക്കറ്റുകളെയോ മാളുകളെയോ ആശ്രയിച്ചിരുന്നത് ഇക്കാലയളവിൽ 20 ശതമാനം ആയി കുറഞ്ഞു. ഈ കാലത്ത് മത്സ്യം, മാംസം, ബേക്കറി ഉല്പന്നങ്ങൾ എന്നിവയുടെ ലഭ്യതയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. 82 ശതമാനം ആളുകൾ മത്സ്യത്തിന്റെയും, 45 ശതമാനം ആളുകൾ മാംസത്തിന്റേയും ലഭ്യതകുറവ് സൂചിപ്പിച്ചു.  ഇവയുടെ ഉപഭോഗത്തിലും കുറവ് വന്നതായി പഠനം കാണിക്കുന്നു. 

ലോക്ഡൗണിൽ താഴെത്തട്ടിലുള്ളവരിൽ ഭൂരിഭാഗത്തിന്റേയും വരുമാനം കുറഞ്ഞതായി  സർവെ ഫലം ചൂണ്ടിക്കാണിക്കുന്നു. ആകെ പ്രതികരിച്ചവരിൽ 61 ശതമാനം പേർ തങ്ങളുടെ വരുമാനം കുറഞ്ഞതായി വ്യക്തമാക്കി.

സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണ് ഏറെപ്പേരും. സർവേയിൽ പങ്കെടുത്ത 87 ശതമാനം കുടുംബങ്ങളിലും സാധനങ്ങൾ വാങ്ങാനായി പുറത്തുപോകുന്നവർ മാസ്ക്/ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കാറുണ്ടെന്നും 70 ശതമാനം പേർ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Tags:    
News Summary - Ration Supply Familiar in Kerala-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.