അടിമാലി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒറ്റെപ്പട്ട ഇടമലക്കുടിയടക്കം ആദിവാസി കോളനികളിൽ ഭക്ഷണം കിട്ടുന്നില്ല. ഗോത്രവർഗക്കാർ മാത്രം താമസിക്കുന്ന ഇടമലക്കുടിയിൽ പരപ്പയാർ, സൊസൈറ്റികുടി എന്നിവിടങ്ങളിലെ റേഷൻ കടകളിൽ അരി ഉൾപ്പെടെ തീർന്നിട്ട് ദിവസങ്ങളായി. കുടിയിലെ കുട്ടികൾക്കടക്കം ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്.
ജില്ല ഭരണകൂടം ഹെലികോപ്ടറിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ സാധ്യതകൾ തേടുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്ന പെട്ടിമുടി വഴി പാത കനത്ത കാലവർഷത്തിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും തകർന്നതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. ആദിവാസികൾക്ക് സൗജന്യ അരി നൽകിയിരുന്നത് 20 രൂപ കിലോക്ക് ചുമട്ടുകൂലി നൽകിയാണ്. എന്നാൽ, ഇതും നിലച്ചു.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. 12 വാർഡിലായി 4000 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഭക്ഷ്യക്ഷാമത്തോടൊപ്പം പകർച്ചപ്പനി, ചിക്കൻപോക്സ് മുതലായവയും പടർന്നുപിടിച്ചിരിക്കുന്നു. 12 ആദിവാസികൾ ഇവിടെ രോഗം മുർഛിച്ച് അവശതയിലാണ്. നെൽമണൽകുടി, വൽസപ്പെട്ടി കുടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. കാർഷികവിളകളും നശിച്ചു.
മൂന്നാറിൽനിന്ന് 16 കിലോമീറ്റർ വാഹനത്തിൽ പെട്ടിമുടിയിലെത്തിയ ശേഷം 18 കിലോമീറ്റർ കൊടും വനത്തിലൂടെ നടന്ന് വേണം ഇടമലക്കുടിയിലെത്താൻ. ഒരു കോളനിയിൽനിന്ന് മറ്റൊരു കോളനിയിലേക്ക് എത്തണമെങ്കിൽ മൂന്ന് മുതൽ അഞ്ച് മണിക്കൂർ വീണ്ടും സഞ്ചരിക്കണം.
തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കോളനികളുടെ പരസ്പര ബന്ധം അറ്റുപോകാനും കാരണമായി.ഹെലികോപ്ടറിൽ ഭക്ഷ്യവസ്തുക്കൾ എത്തിയില്ലെങ്കിൽ കൂട്ട മരണത്തിനുതന്നെ ഇടയാക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.