തിരുവനന്തപുരം: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 54,764 മുൻഗണനാ വിഭാഗം കാർഡുകാരെ നിലവിലെ പട്ടികയിൽനിന്ന് സർക്കാർ ഒഴിവാക്കി. എ.എ.വൈ വിഭാഗത്തിൽനിന്ന് 6248 പേരെയും മുൻഗണന വിഭാഗത്തിൽനിന്ന് 48,516 കാർഡുകളെയുമാണ് മുൻഗണനേതര (നോൺ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റിയത്. 4265 നീല കാർഡുകാരെയും റേഷൻ വാങ്ങാത്തതിനെ തുടർന്ന് വെള്ള കാർഡിലേക്ക് മാറ്റി.
ഏറ്റവും കുടുതൽ മഞ്ഞ കാർഡുകാർ പുറത്തായത് തിരുവനന്തപുരം ജില്ലയിലാണ് -858. പാലക്കാട് -761, തൃശൂർ -760, ആലപ്പുഴ -732 പേരും വയനാട് 339 കുടുംബങ്ങളും പുറത്തായി. പിങ്ക് കാർഡുകാരിൽ ഏറ്റവും കൂടുതൽ പുറത്തായത് എറണാകുളം ജില്ലയിലാണ് -7424. തിരുവനന്തപുരം -6439, തൃശൂർ -6095, കൊല്ലം -5132, ആലപ്പുഴ -4123, ഇടുക്കി -3106, വയനാട് -570 കാർഡുകാർ പുറത്തായി. ഭക്ഷ്യവകുപ്പിന്റെ നടപടിയിൽ അപേക്ഷമുള്ളവർക്ക് അതാത് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് രേഖാമൂലം പരാതി നൽകാം. പരാതികൾ റേഷനിങ് കൺട്രോളർമാർ നേരിട്ടെത്തി പരിശോധിച്ചശേഷമാകും ഇവരെ ഇനി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക. പുറത്താക്കിയവർക്ക് പകരം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ള നീല, വെള്ള കാർഡുകാരിൽനിന്ന് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
ഡെപ്യൂട്ടി റേഷനിങ് കൺട്രോളർക്കാണ് മേൽനോട്ട ചുമതല. വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത്), ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലെങ്കിൽ അത് കാണിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കിൽ ഇതുസംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, രോഗാവസ്ഥ/ ഭിന്നശേഷിയുള്ളവർ ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടാൻ ഹാജരാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.