കൊച്ചി: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിനിടെ നടപടി തടഞ്ഞ് ഹൈകോടതിയുടെ ഇടപെടൽ. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി ജില്ല കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടൽ.
രവീന്ദ്രൻ പട്ടയം ലഭിച്ച തങ്ങളെ കേൾക്കാതെ ഈ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം നിയമ വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി ചെങ്കുളം മുതുവാൻകുടി സ്വദേശി ശിവനാണ് ഹരജി നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരന്റെ പട്ടയം റദ്ദാക്കുന്ന നടപടി മാറ്റിവെക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങൾ നടത്തുന്നതിന് തടസ്സമില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷം മാത്രമേ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും മാർച്ച് എട്ടിന് പരിഗണിക്കാൻ മാറ്റി.
ഭൂരഹിത കർഷകനായ താൻ 1985ൽ 7.28 ആർ വരുന്ന ഭൂമിയിൽ താമസിക്കാൻ ഷെഡ് നിർമിച്ചതായി ഹരജിയിൽ പറയുന്നു. 1999 മാർച്ച് 29ന് എം.ഐ രവീന്ദ്രൻ ദേവികുളം അഡീ. തഹസിൽദാറായിരുന്ന സമയത്ത് പട്ടയം ലഭിച്ചു. എന്നാൽ, രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ കലക്ടർക്ക് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും തടയണമെന്നുമാണ് ഹരജിയിൽ പറയുന്നത്. റവന്യൂവകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ രവീന്ദ്രൻ പട്ടയങ്ങൾ 64ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് സർക്കാർ നിർദേശം നൽകിയത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാനാണ് ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.