40 വർഷം നീണ്ട പ്രവാസത്തിനിടക്ക് വിവാഹിതനാകാൻ പോലും മറന്നിരുന്നു രവിയേട്ടൻ. അഞ്ചു സഹോദരിമാരുടെ വിവാഹവും ഒരു കിടപ്പാടവും നാട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ പൂർത്തീകരിക്കാനുള്ള ഒാട്ടത്തിനിടക്ക് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. ഒടുവിൽ, മരണം രവിയേട്ടനെ തേടിയെത്തുേമ്പാഴും വേണ്ടപ്പെട്ടവർക്കായി അദ്ദേഹം മരുഭൂമിയിലെ തൊഴിലിടത്തിൽ തന്നെയായിരുന്നു. എന്നാൽ, രവിയേട്ടന്‍റെ മരണവിവരമറിഞ്ഞ നാട്ടിലെ ബന്ധുക്കൾക്ക് ആദ്യമറിയേണ്ടിയിരുന്നത് അദ്ദേഹത്തിന്‍റെ സമ്പാദ്യത്തിന്‍റെ നോമിനി ആരാണെന്നായിരുന്നു. ഗൾഫിലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് ഫേസ്ബുക്കിലൂടെ വേദന നിറഞ്ഞ ഈ പ്രവാസ അനുഭവം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം അജ്മാനിലെ താമസസ്ഥലത്താണ് പാലക്കാട് സ്വദേശിയായ രവി മരിച്ചത്. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്ന പ്രവർത്തനങ്ങളിൽ സേവന സന്നദ്ധതയോടെ ഇടപെടുന്ന അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ കൈകൊണ്ടത്. അതിന്‍റെ ഭാഗമായാണ് അഷ്റഫ് താമരശേരി നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടത്. അപ്പോഴുണ്ടായ കയ്പേറിയ അനുഭവം ഒാരോ പ്രവാസിക്കും പാഠമാകാനാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
1980 കളിൽ പ്രവാസം തുടങ്ങിയ രവി 40 വർഷമായി അഫ്മാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നത്രെ. നാട്ടിലെ പ്രാരാബ്ധങ്ങൾ ഒന്നൊന്നായി പരിഹരിക്കുന്നതിനിടയിൽ വിവാഹിതനാകാൻ പോലും രവി മറന്നുപോയിരുന്നു. രവിക്ക് അഞ്ചു സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇവരുടെ വിവാഹവും, പിൽകാലത്ത് അവരുടെ മക്കളുടെ കാര്യങ്ങളുമൊക്കെ രവിയാണ് നോക്കിയിരുന്നത്.
അജ്മാനിലെ താമസസ്ഥലത്ത് കൂടെയുണ്ടായിരുന്നവർ കഴിഞ്ഞ ദിവസം രാവിലെ വിളിച്ചപ്പോൾ രവിയേട്ടൻ എഴുന്നേറ്റില്ല. രാത്രിയിലെപ്പോഴോ ആ മരണം സംഭവിച്ചിരുന്നു.
മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നത് രവിയേട്ടന്‍റെ ആഗ്രഹമായിരുന്നു. അങ്ങിനെയാണ് അഷ്റഫ് താമരശേരി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നത്. കോവിഡോ മറ്റോ ബാധിച്ച് മരിച്ചതാണെങ്കിൽ ഗൾഫിൽ തന്നെ സംസ്കരിക്കാനാണ് അവർ ആവശ്യപ്പെട്ടതത്രെ. കോവിഡല്ലെന്നും നാട്ടിൽ സംസ്കരിക്കണമെന്നത് രവിയേട്ടന്‍റെ വലിയ ആഗ്രഹമായിരുന്നെന്നും ബന്ധുക്കളെ അറിയിച്ചപ്പോൾ രവിയേട്ടന്‍റെ സമ്പാദ്യത്തിന്‍റെ നോമിനി ആരാണെന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നതെന്ന് അഷ്റഫ് താമരശേരി വേദനയോടെ ഒാർക്കുന്നു.
ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ induatrial Area യിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു. എൺപത് കാലഘട്ടങ്ങളിലെ പ്രവാസി.
അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള, ഒരു വലിയ കുടുംബത്തിൻ്റെ ഏക പ്രതീക്ഷ. സ്വന്തമായി ഒരു കിടപ്പാടം, സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ, സുഹ്യത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ,അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി. സ്വന്തം ജീവിതവും മറന്നു. സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു.എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാവരോടും പെരുമാറുന്ന രവിയേട്ടൻ്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു. അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു. ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം ചെയ്ത് കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കുടിച്ച് കിടന്നു. രാവിലെ റുമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല. എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി.
ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും,കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യണമെന്നും പറഞ്ഞു. മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പണത്തിന്‍റെ നോമിനി ആരാണെന്നും, അവരെ ഒന്ന് വിവരമറിയുക്കുവാനും എന്നോട് അവശ്യപ്പെട്ടു.
അതൊക്കെ പിന്നെത്തെ കാര്യമാണെന്നും, മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടൻ്റെ ആഗ്രഹമെന്നും പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായാരുന്നു.
ഒരു സിനിമാ കഥ പോലെ വായിക്കുന്ന വർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്. ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചാേണ്ടിരിക്കുന്ന വിഷയങ്ങളാണ്.
ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക. ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക. കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി എത്തുന്ന ഒരേയൊരു അതിഥി, അത് മരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.