തൃശൂർ: വിവാദമായ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഹൈകോടതി ഉത്തരവിട്ട റീകൗണ്ടിങ് ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിലാണ് റീകൗണ്ടിങ് നടക്കുക. വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്.
റീകൗണ്ടിങ് പൂർണമായി കാമറയിൽ ചിത്രീകരിക്കും. റിട്ടേണിങ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തിലായിരിക്കും റീകൗണ്ടിങ് നടക്കുക എന്നും പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന വി.എ. നാരായണൻ അറിയിച്ചു.
തൃശൂർ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കൂടാതെ, വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹരജിയാണ് കോടതി ഉത്തരവ്.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളജ് അധികൃതർ റീകൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്റെ പരാതി. അർധരാത്രിയായിരുന്നു റീകൗണ്ടിങ്. അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി. ഇതിനിടെ ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്ന് ഹരജിക്കാരൻ ആരോപിച്ചു.
ആദ്യം അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. റീകൗണ്ടിങ് റിട്ടേണിങ് ഓഫിസർക്കുതന്നെ തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനെന്നും ജസ്റ്റിസ് ടി.ആർ. രവി ചോദിച്ചു.
വീണ്ടും എണ്ണിയത് കോളജ് മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വിശദീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളല്ലാത്ത പ്രിൻസിപ്പലിനും മറ്റൊരാൾക്കും എങ്ങനെയാണ് കമ്മിറ്റി തീരുമാനത്തിൽ ഒപ്പിടാനാവുകയെന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.