കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയെന്ന സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് വനംവകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ ശിപാർശ. വനംമന്ത്രിക്കും വകുപ്പ് മേധാവിക്കും സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ, ഓഫിസ് വളപ്പിൽ കഞ്ചാവ് കൃഷി നടന്നോയെന്ന് വ്യക്തമാക്കാതെയുള്ള പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് റേഞ്ച് ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശ്വാസ്യതയിലും അന്വേഷണസംഘം സംശയം പ്രകടിപ്പിക്കുന്നെന്നാണ് വിവരം. എന്തായാലും വനംവകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ ഉൾപ്പെടെ സംശയം ജനിപ്പിക്കുന്നതാണ്. റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഓഫിസ് വളപ്പിൽനിന്ന് പോളിത്തീൻ കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുചെടി കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ ഇട്ടിട്ടുള്ളത്. ഇത് കഞ്ചാവ് ചെടിയാണെന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ, പ്രതിഷേധത്തിനിടെ ഒരാൾ ഈ ചെടിയുമായി എത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അവരുടെ ആരോപണം.
ഇതിനുപുറമെ സ്റ്റേഷൻ പരിധിയിൽനിന്ന് കഞ്ചാവുചെടി കണ്ടെടുത്തവർക്കെതിരെ കേസെടുത്തെന്ന ആക്ഷേപവുമുണ്ട്. വനംവകുപ്പ് ഓഫിസ് പരിധിയിൽ അതിക്രമിച്ച് കയറിയെന്ന പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഞ്ചാവുചെടി കണ്ടെത്തിയത് ഒരു സി.പി.എം പ്രവർത്തകനാണെന്നും അയാളെയാണ് ഒന്നാംപ്രതിയാക്കിയിട്ടുള്ളതെന്നും പറയപ്പെടുന്നു. എന്തായാലും വനംവകുപ്പിന് ആകെ നാണക്കേടാകുകയാണ് ഈ വിഷയം.
രണ്ട് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ഈ ‘കൃഷി’ക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിരുന്നതായ വിവരങ്ങളും പുറത്തുവരുന്നു. എരുമേലി റേഞ്ച് ഓഫിസർ കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്ന് വനം വകുപ്പ് ജീവനക്കാർ ആരോപിക്കുമ്പോഴും ഓഫിസ് വളപ്പിൽ കഞ്ചാവു ചെടികളുണ്ടായിരുന്നെന്ന നിലയിലുള്ള വിവരങ്ങൾ പുറത്തുവരുന്നത് വനംവകുപ്പിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.