തിരുവനന്തപുരം: 10, പ്ലസ് ടു വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസിനൊപ്പം സ്കൂൾതലത്തിൽ അധ്യാപകർ നേരിട്ട് നടത്തുന്ന ഒാൺലൈൻ ക്ലാസും നടത്തണമെന്ന് ശിപാർശ. കുട്ടികളുടെ പഠന വിടവ് നികത്താൻ ചില ക്ലാസുകൾക്കെങ്കിലും സ്കൂൾതല ഒാൺലൈൻ പഠനമാകാമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിച്ച ശിപാർശയിൽ പറയുന്നു.
തുടക്കത്തിൽ 10, പ്ലസ് ടു ക്ലാസുകളിലും പിന്നീട്, ആവശ്യമെങ്കിൽ മറ്റു ക്ലാസുകൾക്കും നേരിട്ട് ഒാൺലൈൻ ക്ലാസ് നടത്താം. ഇതിന് കേന്ദ്രീകൃത പ്ലാറ്റ്ഫോം ഒരുക്കണം. വിക്ടേഴ്സ് ക്ലാസ് മാത്രം ആശ്രയിക്കുന്നതിനു പകരം അധ്യാപകരുടെ തുടർപിന്തുണ ഉറപ്പാക്കുകയും വിലയിരുത്തൽ സാധ്യമാക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം ക്ലാസ് ആസൂത്രണം ചെയ്യേണ്ടത്. ജൂൺ ഒന്നിന് ഡിജിറ്റൽ ക്ലാസ് തുടങ്ങാൻ ഒരുക്കമാണെന്നും കൈറ്റ് വ്യക്തമാക്കി.
അടുത്ത അധ്യയന വർഷം പൂർണമായും മുഴുവൻ ഡിജിറ്റൽ ക്ലാസ് വേണ്ടിവരുമെന്ന നിലയിൽ ഒാരോ ടേമിലും പൂർത്തീകരിക്കേണ്ട ഭാഗങ്ങൾ മുൻകൂട്ടി നിശ്ചയിക്കണം. ടൈംടേബിൾ മുൻകൂറായി തയാറാക്കി ക്ലാസ് സംപ്രേഷണം ചെയ്യണം.
ഒാരോ ക്ലാസിനുശേഷവും മൂന്നോ നാലോ മിനിറ്റിൽ അധ്യാപകർക്ക്/ രക്ഷാകർത്താക്കൾക്കുള്ള നിർദേശങ്ങൾ നൽകണം. മൂല്യനിർണയ രീതിയും കുട്ടിയുടെ തുടർപ്രവർത്തനങ്ങളും ഇതിൽ ഉണ്ടാകണം. ക്ലാസ്, അസൈൻമെൻറുകൾ, വർക്ക്ഷീറ്റുകൾ തുടങ്ങിയവ സമഗ്ര പോർട്ടലിൽ ലഭ്യമാക്കണം. ഡിജിറ്റൽ ക്ലാസ് മുൻനിർത്തി പ്രത്യേക ടീച്ചിങ് മാന്വൽ തയാറാക്കണം.
ജൂൺ ഒന്നിന് ആരംഭിക്കുകയാണെങ്കിൽ കഴിഞ്ഞ അധ്യയന വർഷം പഠിക്കേണ്ടിയിരുന്നവ ഹ്രസ്വമായി അവതരിപ്പിച്ചായിരിക്കണം ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ് തുടങ്ങേണ്ടത്. 10ൽ നേരിട്ട് ക്ലാസ് തുടങ്ങാം. ജൂൺ 14 മുതൽ ഇവർക്ക് അധ്യാപകർ സ്കൂൾ തലത്തിൽ ഒാൺലൈൻ ക്ലാസ് ആരംഭിക്കുന്ന രീതി തുടങ്ങാം. പ്ലസ് ടു വിദ്യാർഥികൾ കഴിഞ്ഞ വർഷം പുതുതായി പ്രവേശനം നേടിയ സ്കൂളിൽ വരാൻ കഴിയാത്തവരായതിനാൽ ആദ്യ 10 ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകരെ നേരിൽ കാണാനും സംവദിക്കാനും അവസരമൊരുക്കാം.
കോവിഡ് നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ എട്ട്, ഒമ്പത് ക്ലാസുകൾക്ക് ആഗസ്റ്റ് മുതൽ സ്കൂൾതല ഒാൺലൈൻ ക്ലാസ് ആരംഭിക്കാം. ഒന്നു മുതൽ ഏഴു വരെയുള്ള കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ഇത് ഒഴിവാക്കാമെന്നും ശിപാർശയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.