തിരുവനന്തപുരം: പോയമാസങ്ങളിൽ സംസ്ഥാനത്തിന് ലഭിച്ചത് റെക്കോഡ് മഴ. മാർച്ച് ഒന്നുമുതൽ േമയ് 31വരെ നീണ്ട വേനൽമഴക്കാലത്ത് ഇക്കുറി കേരളത്തിന് കിട്ടിയത് 40 ശതമാനം അധികമഴയാണ്. 40 വർഷത്തെ ചരിത്രത്തിലാദ്യമായാണ് വേനൽകാലത്ത് ഇത്രയുമധികം മഴ കേരളത്തിന് ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും കണക്കുകൾ തെളിയിക്കുന്നു. ഇത്തവണ 370.2 മി.മീ മഴ പ്രതീക്ഷിച്ചിടത്ത് 518.6 മി.മീറ്ററാണ് പെയ്തിറങ്ങിയത്.
2016 ൽ 18 ശതമാനവും 2017 ൽ ഏഴ് ശതമാനവും മഴക്കുറവുണ്ടായ സ്ഥാനത്താണ് ഇത്തവണ ഇത്രയും ശക്തമായ മഴ രേഖപ്പെടുത്തിയത്. മാർച്ചിൽ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ഏപ്രിലിൽ ശക്തമായ വേനൽമഴ, േമയിൽ സാഗർ, മെകുനു ചുഴലിക്കാറ്റുകളുടെ സാന്നിധ്യം എന്നിവയാണ് മഴത്തോത് കൂടാൻ കാരണം. കഴിഞ്ഞവർഷം നാല് ജില്ലകളിൽ മാത്രമാണ് അധികമഴ ലഭിച്ചത്. ഇത്തവണ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലും പ്രതീക്ഷിച്ചതിൽ കൂടുതൽ മഴ ലഭിച്ചു.
2017ൽ മൂന്ന് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കോഴിക്കോടാണ് ഈ വർഷം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത്; 98 ശതമാനം അധികം. 342.3 മി.മീ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 677 മി.മീറ്റർ. കഴിഞ്ഞ വർഷം 68 ശതമാനം മഴകുറഞ്ഞ കാസർകോടിനും ഇത്തവണ കോളടിച്ചു. 67 ശതമാനം അധികമഴയാണ് കഴിഞ്ഞ മൂന്നുമാസംകൊണ്ട് ലഭിച്ചത്. മുൻകാലങ്ങളിൽ വൻ മഴക്കുറവ് രേഖപ്പെടുത്തിയ വയനാട്, പാലക്കാട് ജില്ലകളിലും തുള്ളിക്കൊരുകുടം പോലെയാണ് വേനൽ മഴ പെയ്തിറങ്ങിയത്. 70-71 ശതമാനം മഴ ഇരുജില്ലയിലും അധികമായി ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ഇത്തവണ 463.5 മി.മീ മഴ പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് കേവലം 446.5 മി.മീ മഴ മാത്രമാണ്. വേനൽമഴയുടെ ലഭ്യത ഇടവപ്പാതിയിലും (തെക്കുപടിഞ്ഞാറൻ മൺസൂൺ) പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 31 വരെ നീളുന്ന ഇടവപ്പാതിയിൽ കഴിഞ്ഞവർഷം കേരളത്തിന് അടിതെറ്റിയിരുന്നു. ഒമ്പത് ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. എന്നാൽ, കാലാവസ്ഥാസാഹചര്യങ്ങൾ അനുകൂലമായാൽ ഈ സീസണിൽ ഇടവപ്പാതി തകർക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.