റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷിറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലാണ് സംഭവം. ഇന്ന് പുലർച്ചയോടെയാണ് പൊട്ടിത്തെറിച്ചത്.
ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകരുകയും മിക്സി അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾ, വയറിങ് തുടങ്ങിയവ കത്തി നശിക്കുകയും ചെയ്തു. പൊട്ടിത്തെറിക്ക് കാരണമെന്തെന്ന് വ്യക്തമല്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റെജി കൊല്ലിരിക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഏതാനും മാസം മുമ്പ് ഉദുമ ഗ്രാമപഞ്ചായത്ത് ഓഫിസിന് തൊട്ടടുത്തുള്ള ഇരുനില വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചിരുന്നു. സംസ്ഥാന പാതയോരത്തെ ശ്രീജ നിലയത്തിൽ പുലർച്ചെ ആറിനായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട് വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണച്ചു. റഫ്രിജറേറ്ററും മറ്റു ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു.
ഈ വർഷം മേയിൽ കിളിമാനൂർ നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിലും സമാനരീതിയിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തിൽ വീട്ടമ്മ ഗിരിജ സത്യ(59)ന് ഗുരുതര പരിക്കേറ്റിരുന്നു. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ എൽ.പി.ജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകയായിരുന്നു.
വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.