തൃശൂർ: ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളിൽ യൂനിറ്റ് വൈദ്യുതിക്ക് തുക കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ തള്ളി. പരമാവധി എട്ടു രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നാണ് പുതിയ നിർദേശം. നിലവിൽ അനുബന്ധ സൗകര്യങ്ങളുടെ തുകയടക്കം 15 രൂപയോളം പല ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷനുകളിലും ഈടാക്കിവരുന്നുണ്ട്.
ചാർജിങ് സ്റ്റേഷനുകൾ നിർമിച്ച് കൈകാര്യം ചെയ്യുന്ന പ്രവൃത്തി ടെൻഡർ പ്രകാരം സ്വകാര്യ കമ്പനികളാണ് ഏറ്റെടുത്തിട്ടുള്ളത്. മൊബൈൽ ആപ് സംവിധാനത്തിന്‍റെ സഹായത്തിൽ തുക ഈടാക്കിയാണ് പ്രവർത്തനം. ലാഭം ഇല്ലാതാക്കി വൈദ്യുതിക്ക് പരമാവധി വില നിശ്ചയിച്ച കമീഷൻ ഉത്തരവിനെതിരെ കെ.എസ്.ഇ.ബിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.നിലവിൽ കെ.എസ്.ഇ.ബി ഈടാക്കുന്ന എനർജി ചാർജ് കിലോവാട്ടിന് അഞ്ചു രൂപയാണ്. ഈ തുക 5.50 രൂപയാക്കാനാണ് കമീഷന്‍റെ നിർദേശം. ഫിക്സഡ് ചാർജ് കിലോവാട്ട് 75 രൂപയിൽനിന്ന് 90 രൂപയിലേക്ക് വർധിപ്പിക്കാനും അനുവദിച്ചു.
ഫിക്സഡ് ചാർജിനത്തിൽ നിലവിൽ ഈടാക്കുന്ന തുക 75 രൂപയാക്കി നിലനിർത്തി 2022 -23 വർഷം കിലോവാട്ടിന് 7.30 രൂപയാക്കി വർധിപ്പിക്കാനായിരുന്നു കെ.എസ്.ഇ.ബിയുടെ ശിപാർശ. 2023 -24 വർഷം 7.75 രൂപ, 2024 -25 വർഷം 7.73 രൂപ, 2025 -26 വർഷം 7.82 രൂപ, 2026 -27 വർഷം 7.90 രൂപ എന്നീ നിരക്കായിരുന്നു കെ.എസ്.ഇ.ബി ഇ.വി ചാർജിങ് സ്റ്റേഷനുകൾക്കായി മുന്നോട്ടുവെച്ചത്. ഈ നിർദേശങ്ങൾ പാടേ തള്ളി ഈടാക്കുന്ന താരിഫിന് പരിധി നിശ്ചയിച്ചത് പതിവില്ലാത്തതാണ്. വൈദ്യുതി ചാർജിന് പുറമെ സ്ഥലവും അടിസ്ഥാന സൗകര്യ വികസന തുക കൂടി ഈടാക്കി നിശ്ചിത ലാഭം ഈടാക്കിയാണ് വൈദ്യുതി ചാർജിങ് തുക നിശ്ചയിക്കുന്നത്. പല ചാർജിങ് സ്റ്റേഷനുകളിലും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്.
ഈ പ്രവണത അംഗീകരിക്കാനാവില്ലെന്നും താരിഫ് ആനുകൂല്യം വൈദ്യുതി വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും കമീഷൻ നിർദേശിച്ചു. സർവിസ് ചാർജും അടിസ്ഥാനസൗകര്യ വികസന തുകയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെങ്കിൽ ബന്ധപ്പെട്ട അധികാരിയിൽനിന്ന് പ്രത്യേകം അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.