representational image

കീഴടങ്ങിയ മാവോവാദിക്ക് പുനരധിവാസ പാക്കേജ് കൈമാറി

തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞവർഷം കീഴടങ്ങിയ മാവോവാദി ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ലൈഫ് പദ്ധതിയിൽപെടുത്തി എറണാകുളം ജില്ലയിൽ സ്വന്തമായി വീട് നിർമിച്ചുനൽകുന്നതുവരെ താമസിക്കാനായി വാടകക്കെടുത്ത വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി.

സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്‍റും ജീവനോപാധികളും നൽകാൻ വയനാട് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല പുനരധിവാസ സമിതി ശിപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി സർക്കാറിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് നടപടി. വയനാട് ജില്ല പൊലീസ് മേധാവി മുമ്പാകെ, കഴിഞ്ഞവർഷം കീഴടങ്ങിയ മാവോവാദിയാണ് കർണാടക വിരാജ് പേട്ട ഇന്ദിരാനഗർ സ്വദേശി ലിജേഷ്. വീടും സ്റ്റൈപ്പന്‍റും കൂടാതെ, തുടർപഠനത്തിന് 15,000 രൂപയുടെ ധനസഹായവും നൽകും. ജീവിതമാർഗം കണ്ടെത്തുന്നതിനായി ഗവ. ഐ.ടി.ഐകളിലോ മറ്റ് സ്ഥാപനങ്ങളിലോ പഠനം നടത്താൻ സഹായം നൽകും.

വയനാട് പുൽപ്പള്ളിക്കടുത്ത അമരക്കുന്നിയിൽ ജനിച്ച ലിജേഷ് അഞ്ച് വയസ്സുള്ളപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമ്മയുടെയും അമ്മയുടെ മാതാപിതാക്കളുടെയുമൊപ്പം വിരാജ് പേട്ടയിലേക്ക് കുടിയേറി. നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ് പിന്നീട്, മാവോവാദി സംഘാംഗങ്ങളുടെ സ്വാധീനത്തിൽ സംഘടനയുടെ ഭാഗമായി. കഴിഞ്ഞവർഷം ഒക്ടോബർ 25നാണ് വയനാട് ജില്ല പൊലീസ് മേധാവി മുമ്പാകെ കീഴടങ്ങിയത്. 2018ലാണ് സംസ്ഥാന സർക്കാർ കീഴടങ്ങൽ പാക്കേജ് തയാറാക്കിയത്.  

Tags:    
News Summary - Rehabilitation package handed over to surrendered Maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.