ജയിലിൽ രചിച്ച പുസ്തകത്തിന്‍റെ പ്രകാശനം: റിപ്പർ ജയാനന്ദന് രണ്ടുദിവസം പരോൾ നൽകി കോടതി

കൊച്ചി: അഞ്ച് കൊലക്കേസിൽ പ്രതിയായി വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന റിപ്പർ ജയാനന്ദന് സ്വന്തം പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംബന്ധിക്കാൻ ഹൈകോടതി പരോൾ അനുവദിച്ചു. ജയിലിൽവെച്ച് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’യെന്ന പുസ്തകത്തിന്‍റെ പ്രകാശനം ശനിയാഴ്ചയാണ്. അഭിഭാഷക കൂടിയായ മകൾ കീർത്തിയുടെയും ഹരജിക്കാരിയായ ഭാര്യ ഇന്ദിരയുടെയും ശ്രമഫലമായാണ് ചടങ്ങിൽ പങ്കെടുക്കാൻ റിപ്പർ ജയാനന്ദന് രണ്ടുദിവസത്തെ പരോൾ അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഉത്തരവിട്ടത്.

അഞ്ച് കൊലക്കേസുൾപ്പെടെ 23 കേസിൽ പ്രതിയായ ജയാനന്ദൻ 17 വർഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. ജയിൽജീവിതം ഇയാളെ ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവർത്തനത്തിന്‍റെ ഭാഗമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ‘പുലരി വിരിയും മുമ്പേ’, പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹരജിക്കാരി വിശദീകരിച്ചു. നേരത്തേ, മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് ജയാനന്ദന്‍റെ സ്വപ്നമാണ്. പുസ്തകം വിറ്റുകിട്ടുന്ന പണം പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് ആഗ്രഹമെന്നും ഹരജിക്കാരി പറഞ്ഞു. പുസ്തകത്തിന്‍റെ പകർപ്പും കോടതിയിൽ സമർപ്പിച്ചിരുന്നു.

ഡിസംബർ 23ന് രാവിലെ 11ന് എറണാകുളം പ്രസ് ക്ലബ്ബിലാണ് പ്രകാശനച്ചടങ്ങ്. സുനിൽ പി. ഇളയിടമാണ് പ്രകാശനം നിർവഹിക്കുന്നത്. കൊലക്കേസുകളിൽ പ്രതിയായ ഒരാൾക്ക് പരോൾ അനുവദിക്കാൻ നിയമമില്ലെങ്കിലും പുസ്തക പ്രകാശനമാണെന്നത് കണക്കിലെടുത്ത് പരോൾ അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി.അഞ്ച് കൊലക്കേസിൽ പ്രതിയായ അച്ഛന് പരോൾ ലഭിക്കാൻ മകൾ നടത്തിയ നിയമപോരാട്ടത്തെ സിംഗിൾ ബെഞ്ച് അഭിനന്ദിച്ചു. 

Tags:    
News Summary - Release of book written in jail: Court grants parole to Ripper Jayanand for two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.