തിരുവനന്തപുരം: അന്വേഷണത്തിെൻറ പേരില്‍ ലൈഫ് മിഷൻ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന ജെയിംസ് മാത്യുവിെൻറ പരാതിയില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ മറുപടി ചോര്‍ന്നതില്‍ വിശദീകരണം തേടാന്‍ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി തീരുമാനം. യു.ഡി.എഫ് അംഗങ്ങളായ അനൂപ് ജേക്കബിെൻറയും വി.എസ്. ശിവകുമാറിെൻറയും വിയോജിപ്പോടെയാണ് ഇ.ഡിയിൽനിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. അതേസമയം സി.എ.ജി റിപ്പോർട്ട് ചോർച്ചയിൽ വി.ഡി. സതീശൻ ധനമന്ത്രിക്കെതിരെ നൽകിയ അവകാശ ലംഘന നോട്ടീസ് സമിതിക്ക് മുമ്പാകെ എത്തിയില്ല. ഇത് സ്പീക്കറിൽനിന്ന് എത്തിയിട്ടില്ലെന്നാണ് സൂചന.
ഇ.ഡിയുടെ മറുപടി പരിശോധിക്കാതെയാണ് ചോർച്ചയിൽ വിശദീകരണം തേടാൻ തീരുമാനിച്ചത്. ഇൗ ശ്രമം നീതീകരിക്കാവുന്നതെല്ലന്നും വിഷയം നീട്ടി അന്വേഷണം തടസ്സപ്പെടുത്താനാണെന്നും മറുപടി എന്താണെന്നാണ് ആദ്യം പരിശോധിക്കേണ്ടതെന്നും യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. എന്നാല്‍, എതിർപ്പ് പരിഗണിക്കാതെ വിശദീകരണം തേടാന്‍ ഭരണപക്ഷത്തിന് വൻഭൂരിപക്ഷമുള്ള കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ലൈഫ് വിഷയത്തില്‍ സര്‍ക്കാറിൽനിന്ന് മറുപടി ലഭിക്കാത്തതിനാൽ വിശദാംശങ്ങളിലേക്ക് സമിതി കടന്നില്ല. പദ്ധതി ഫയലുകള്‍ വിളിച്ചുവരുത്താനുള്ള ഇ.ഡി തീരുമാനത്തിനെതിരെ ജെയിംസ് മാത്യു നല്കിയ പരാതി നിയമസഭ സ്പീക്കർ പ്രിവിേലജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
വിശദീകരണം തേടിയപ്പോൾ സഭയുടെ അവകാശങ്ങളൊന്നും ലംഘിച്ചില്ലെന്നും അന്വേഷണ ഭാഗമായി ഏത് ഫയലും വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി ഇ.ഡി നിയമസഭാ സെക്രട്ടറിക്ക് മറുപടി നല്കി. മറുപടി സമിതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് അവകാശ ലംഘനമാണെന്നാണ് ആക്ഷേപം. തുടർന്നാണ് വിശദീകരണം തേടുന്നത്.
എം.സി. കമറുദ്ദീനെതിരായ പരാതിയും സമിതി പരിശോധിച്ചു. സി.പി.എം അംഗമായ എം. രാജഗോപാല്‍ നല്കിയ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നേരത്തേ നിർദേശിച്ചതനുസരിച്ച് രേഖകളുമായി അദ്ദേഹം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.