മാവേലിക്കര: കുറുക്കന്‍റെ ആക്രമണഭീതിയിൽ തെക്കേക്കര പഞ്ചായത്തിലെ കിഴക്കൻ മേഖലയായ ചൂരല്ലൂർ, വരേണിക്കൽ നിവാസികൾ. കഴിഞ്ഞ ദിവസം ചുനക്കര വടക്ക് പുത്തൻവീട്ടിൽ വടക്കതിൽ വിശ്വനാഥൻ (63), ചൂരല്ലൂർ കാട്ടുംതലയ്ക്കൽ ലക്ഷ്മി (64) എന്നിവരെ കുറുക്കൻ ആക്രമിച്ചതോടെയാണ് പ്രദേശം ഭീതിയിലായത്. റബർത്തോട്ടത്തിൽ ആടിന് തീറ്റ ശേഖരിക്കവെയാണ് വിശ്വനാഥനെ കുറുക്കൻ കടിച്ചത്. 15 മിനിറ്റോളം കുറുക്കന്‍റെ ആക്രമണത്തിനിരയായ വിശ്വനാഥന് ദേഹമാസകലം മുറിവുകളുണ്ട്.
വീടിന് മുന്നിലെ റോഡിലേക്കിറങ്ങിയപ്പോഴാണ് ലക്ഷ്മിക്ക് കുറുക്കന്‍റെ കടിയേറ്റത്. അപ്രതീക്ഷിത ആക്രമണത്തിൽ വീണുപോയ ലക്ഷ്മിയുടെ തോളിന് പരിക്കുണ്ട്. കുറുക്കൻ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.ചൂരല്ലൂർ മേപ്പള്ളി പാടത്തിനുസമീപം ഏക്കറുകളോളം കുറ്റിച്ചെടികൾ വളർന്ന റബർത്തോട്ടമുണ്ട്. ഇവിടെയാണ് കുറുക്കന്മാരുടെ ആവാസകേന്ദ്രമെന്നു നാട്ടുകാർ പറയുന്നു. തെക്കേക്കര, തഴക്കര പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുറുവായ്ക്കര പാടത്ത് കൃഷിയില്ലാതെ കുറ്റിക്കാട് വളർന്ന സ്ഥലത്തും താവളമാക്കിയിട്ടുണ്ട്.
പലരും രാത്രി കുറുക്കനെ കണ്ടിട്ടുണ്ട്. പ്രദേശത്ത് കോഴികളെ പലതവണ കുറുക്കൻ ഭക്ഷണമാക്കിയെങ്കിലും മനുഷ്യനെ ആക്രമിക്കുന്നത് ആദ്യമാണ്. രണ്ടുപേരെ ആക്രമിച്ച കുറുക്കനെ തപ്പി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ച റബർ ടാപ്പിങ്ങിനിറങ്ങുന്നവരും മറ്റും കുറുക്കന്‍റെ ആക്രമണത്തോടെ ഭീതിയിലാണ്.
അമ്പലപ്പുഴ: ദേഹമാസകലം കുറുക്കന്‍റെ കടിയേറ്റ ചുനക്കര വടക്ക് പുത്തൻവീട്ടിൽ വടക്കേതിൽ വിശ്വനാഥനെ (63) മെഡിക്കൽ കോളജ് ആശുപത്രി പേ വിഷബാധ പ്രതിരോധ ക്ലിനിക്കിൽ ചികിത്സക്ക് വിധേയനാക്കി. മുറിവുകളുടെ സ്വഭാവവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് 41 കുത്തിവെപ്പാണ് നൽകേണ്ടത്. മുറിവുകൾക്ക് ചുറ്റും 38 കുത്തിവെപ്പും പ്രതിരോധത്തിനായി മൂന്നെണ്ണവും.
മുറിവുകൾ മാരകമല്ലാത്തതിനാൽ കിടത്തിച്ചികിത്സ വേണ്ടിവന്നില്ല. കുത്തിവെപ്പെടുത്തതിനാൽ മുറിവുകൾ വൈകാതെ ഉണങ്ങുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.ആദ്യ കുത്തിവെപ്പിന് ശേഷം മൂന്നാം നാൾ, ഏഴാം നാൾ, 28ാം നാൾ എന്നിങ്ങനെയാണ് കുത്തിവെപ്പെടുക്കേണ്ടത്. അടുത്ത കുത്തിവെപ്പുകൾ മാവേലിക്കര ഗവ. ആശുപത്രിയിൽ എടുത്താൽ മതിയെന്ന് മെഡിക്കൽ കോളജ് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.