തിരുവനന്തപുരം/തൃശൂർ/കോട്ടയം: വിവാദ മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് നൽകിയ ഗുഡ് സർവിസ് എൻട്രി റദ്ദാക്കിയതിൽ വിവാദം പുകയുന്നു. ശാലിനിക്ക് സത്യസന്ധതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് മുമ്പ് നൽകിയ ഗുഡ് സർവിസ് എൻട്രി റദ്ദാക്കിയത്. അതേസമയം, നടപടി അറിഞ്ഞില്ലെന്ന റവന്യൂ മന്ത്രി കെ. രാജെൻറ പ്രസ്താവനയും വിവാദമായി.
വകുപ്പില്‍ നടക്കുന്നത് റവന്യൂമന്ത്രി അറിയുന്നില്ലെന്നും അഡീഷനൽ ചീഫ് സെക്രട്ടറി സൂപ്പർ മന്ത്രിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വകുപ്പിനെ സെക്രട്ടറിക്ക് അടിയറവ് െവച്ചോയെന്നും സതീശൻ ചോദിച്ചു. നിയമപരമായി ജോലി ചെയ്ത ഉദ്യോഗസ്ഥക്കെതിരെ പ്രിന്‍സിപ്പൽ സെക്രട്ടറി തുടർച്ചയായി പ്രതികാര നടപടികൾ സ്വീകരിച്ചിട്ടും മന്ത്രി അനങ്ങുന്നില്ല. അറിയില്ലെന്നാണ് റവന്യൂ മന്ത്രി പറയുന്നത്.
സ്ത്രീപക്ഷകേരളമെന്ന് പറഞ്ഞാല്‍ മാത്രം മതിയോ. ഉദ്യോഗസ്ഥക്കെതിരായ പ്രതികാരനടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മരംകൊള്ളക്കായി വിചിത്ര ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അതേ കസേരയില്‍ ഇരുത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. മന്ത്രിക്ക് അറിഞ്ഞില്ലെന്ന ഭാവമാണെങ്കില്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടിവരും. നിയമപരമായി ഒരു കാര്യം ചെയ്തതിെൻറ പേരില്‍ വനിതയായ അണ്ടര്‍ സെക്രട്ടറി തുടര്‍ച്ചയായി മാനസിക പീഡനം ഏല്ക്കുകയാണ്. നിയമപരമായി ജോലി ചെയ്തതിനാണ് അവർ വേട്ടയാടപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.
റവന്യൂ വകുപ്പിനെ നിലക്കുനിർത്താൻ കഴിയുന്നില്ലെന്നും മന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ചോദിച്ചു.ഉദ്യോഗസ്ഥരുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ മന്ത്രി ഇടപെടേണ്ടതില്ലെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും റവന്യു മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിെൻറ സംശയങ്ങള്‍ ദൂരീകരിക്കും. സര്‍ക്കാർ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനമെടുക്കുന്നതായി വിവരം കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് രാജൻ വ്യക്തമാക്കി.
ഇതിനിടെ, ശാലിനിക്കെതിരായ നടപടികളിൽ സെക്രേട്ടറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഒരു മാസത്തിനിടെ മൂന്ന് നടപടികളാണ് ശാലിനിെക്കതിരെ കൈക്കൊണ്ടത്.മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകർപ്പ് നൽകിയതാണ് സർക്കാറിനെ ആദ്യം പ്രകോപിപ്പിച്ചത്. തുടർന്ന് രണ്ടുമാസത്തേക്ക് അവധിയിൽ പോകാൻ നിർദേശിച്ചു. അവധിയിൽ പ്രവേശിച്ച ശേഷം വീണ്ടും പ്രതികാരനടപടി സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. ശാലിനിക്കൊപ്പം സെക്രേട്ടറിയറ്റിലെ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. മരംമുറി ക്രമവിരുദ്ധമാണെന്ന് ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. റവന്യൂ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.