ആലുവ: നിരവധി കേസുകളിൽ പൊലീസിന് തുമ്പുണ്ടാക്കിയ റൂണി എന്ന നായ്ക്ക് ഇനി വിശ്രമജീവിതം. എട്ട് വർഷത്തെ സേവനത്തിനുശേഷമാണ് എറണാകുളം റൂറൽ പൊലീസിന്‍റെ അഭിമാനമായിരുന്ന റൂണി വിരമിക്കുന്നത്. റൂറൽ ജില്ലയിൽ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു റൂണി. സെനോരയെന്നതാണ് ഔദ്യോഗിക നാമം.
2014ലാണ് റൂറൽ ജില്ലയുടെ കെ 9 സ്ക്വാഡിൽ ചേരുന്നത്. ഒരു വർഷത്തെ കേരള പൊലീസ് അക്കാദമിയിലെ പരിശീലനത്തിനുശേഷം സജീവമായി. കൂത്താട്ടുകുളം സ്റ്റേഷൻ പരിധിയിൽ കാണാതായ ഒരാളെ കണ്ടെത്താൻ നിർണായക പങ്കുവഹിച്ചത് റൂണിയാണ്.ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട റൂണിക്ക് ഒമ്പതു വയസ്സുണ്ട്. എപ്പോഴും ചുറുചുറുക്കോടെ ഓടിനടന്ന് എല്ലാവർക്കും ഇഷ്ടതാരമായ റൂണിയുടെ യാത്രയയപ്പും വികാര നിർഭരമായിരുന്നു. സബ് ഇൻസ്പെക്ടർ സാബു പോൾ സല്യൂട്ട് സ്വീകരിച്ചു.
ഒപ്പമുണ്ടായിരുന്ന അഞ്ച് നായ്ക്കളും സല്യൂട്ട് ചെയ്തു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക്. ഇനി കേരള പൊലീസ് അക്കാദമയിലെ 'ഓൾഡ് ഏജ് ഹോം' ആയ വിശ്രാന്തിയിൽ വിശ്രമജീവിതം. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.പി. ഹേമന്ദ്, ഒ.ബി. സിമിൽ, കെ.എസ്. അഭിജിത്ത് തുടങ്ങിയവരായിരുന്നു പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.