തിരുവനന്തപുരം: റിയ റിസോർട്ടിനും പ്രിയ എസ്റ്റേറ്റിനും കരമടയ്ക്കാൻ തുണയായത് റവന്യൂ മന്ത്രിയുടെയും വകുപ്പിെൻറയും മെല്ലെപ്പോക്കെന്ന് രേഖകൾ. ഹാരിസൺസ് ഭൂമിയിൽ സർക്കാറിെൻറ ഉടമസ്ഥത തെളിയിക്കാൻ സിവിൽ കോടതിയെ സമീപിക്കാമെന്ന് ഏപ്രിലിൽ ഹൈകോടതി ഡിവിഷൻ െബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, സിവിൽ കോടതിയിൽ ഭൂവുടമസ്ഥത സ്ഥാപിച്ചെടുക്കാൻ സമയബന്ധിതമായി കേസ് ഫയൽ ചെയ്യുന്നതിൽ ഗുരുതര വീഴ്ചയാണ് റവന്യൂ വകുപ്പ് വരുത്തിയത്.
ഗൗരവമുള്ള വിഷയമായിട്ടും ഉന്നതതല യോഗം വിളിച്ച് ചർച്ചചെയ്യാൻ മന്ത്രി തയാറായില്ല. കരമടയ്ക്കൽ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഹാരിസൺസിനുവേണ്ടി ചരട് വലിച്ചെന്ന് ആക്ഷേപമുണ്ട്. അഡ്വക്കറ്റ് ജനറലിെൻറ ഓഫിസും ആരോപണത്തിൽനിന്ന് മുക്തമല്ല. സിവിൽകോടതിയിൽ കേസ് നൽകുന്നതിനോ സംസ്ഥാന ലാൻഡ് ബോർഡോ ലാൻഡ് ട്രൈബ്യൂണലോ വഴി ഹാരിസൺസിെൻറ പ്രമാണരേഖകൾ പുനഃപരിശോധിക്കുന്നതിനോ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ല. നിയമ നിർമാണത്തിലൂടെ ഭൂമി ഏറ്റെടുക്കുന്നതിന് 2018 ഫെബ്രുവരിയിൽ റവന്യൂ വകുപ്പ് കരട് തയാറാക്കി നൽകിയതിനും മറുപടി ലഭിച്ചിട്ടില്ല.
ഹൈകോടതി വിധിക്കുശേഷം തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ റവന്യൂ വകുപ്പ് കാട്ടിയത് കടുത്ത അനാസ്ഥയാണ്. സ്പെഷൽ ഓഫിസർ രാജമാണിക്യം നൽകിയ കത്തുകളും മുഖവിലയ്ക്കെടുത്തില്ല. വിജിലൻസ് കേസ് നിലനിൽക്കെ റിയ റിസോർട്ട് തെന്മല വില്ലേജിൽ കരമടച്ചത് റിപ്പോർട്ട് ചെയ്യാൻപോലും റവന്യൂ ആഭ്യന്തര വിജിലൻസ് സംവിധാനത്തിന് കഴിഞ്ഞില്ല. ഹാരിസൺസ് ഭൂമി വിഷയത്തിൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 2014ൽ മാത്രം അന്ന് റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് മൂന്ന് ഉന്നതലയോഗം വിളിച്ചിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് പുലർത്തിയ ജാഗ്രത നിലവിലെ റവന്യൂ മന്ത്രിക്കോ വകുപ്പിനോ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.