റിജിൽ മാക്കുറ്റി, പി.സി. ജോർജ്

'യോഗിയുടെ ഭാഷയിൽ സംസാരിച്ചയാളാണ് പി.സി. ജോർജ്; ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിക്കൽ'

തിരുവനന്തപുരം: മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണ് പി.സി. ജോർജെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭാഷയാണ് അന്ന് ജോർജ് ഉപയോഗിച്ചത്. ജോർജിന്‍റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് തനിക്ക് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരപ്പന്തലിലെത്തിയ പി.സി. ജോർജ് ഷാൾ അണിയിക്കാൻ ശ്രമിച്ചത് റിജിൽ മാക്കുറ്റി നിരസിച്ചിരുന്നു. രാഷ്ട്രീയ വിയോജിപ്പ് വ്യക്തമാക്കിയാണ് റിജിൽ പി.സി. ജോർജിനെ തടഞ്ഞത്. യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, എൻ.എസ്. നുസൂർ എന്നിവർക്കൊപ്പം നിരാഹാര സമരം തുടരുകയാണ് റിജിൽ മാക്കുറ്റി.

റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

പി.സി. ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്. അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് പി.സി.ജോർജ് അന്ന് ഉപയോഗിച്ചത്. ആ സമയത്ത് പി.സി. ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.

പി.സി. ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന ഒരാളോടും കോംപ്രമൈസ് ചെയ്യാൻ മനസ്സില്ല.

കൂടെപ്പിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.എമ്മിനോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ വെള്ളം ചേർക്കില്ല ഒരിക്കലും.

Tags:    
News Summary - rijil makkutty criticize ps george in his facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.