ശശി തരൂരിന്റെ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സംഘപരിവാറിനെതിരായ പരിപാടിയിൽ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം മലയാളം വാർത്താ ചാനലിനോട് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അനുവാദം വാങ്ങിയാണ് പരിപാടിയ്ക്കെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടിയുടെ വേദിയിൽ വെച്ച് കോൺഗ്രസ് എം.പി ശശി തരൂരിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. ഒരു വിഭാഗം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട് നടക്കുന്ന തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി ജനറൽ സെക്രട്ടറി ഐ.പി രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത് അന്വേഷിക്കാൻ കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യെപ്പട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസിന്‍റെ പിന്മാറ്റം സംബന്ധിച്ച് തന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും കമീഷന് കൈമാറാൻ തയാറാണ്. കമീഷനെ നിയോഗിക്കുന്നില്ലെങ്കിൽ ഈ വിഷയം പാർട്ടി വേദികൾ അക്കമിട്ട് പറയേണ്ടി വരുമെന്നും രാഘവൻ ചൂണ്ടിക്കാട്ടി.
ശശി തരൂരിന്‍റെ പരിപാടി ആസൂത്രണം ചെയ്തത് താൻ ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ഇക്കാര്യം പറഞ്ഞിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും അത്തരം ധാരണ ആർക്കും വേണ്ടെന്നും എം.കെ. രാഘവൻ പറഞ്ഞു.
കോഴിക്കോട്ട് കെ.പി. കേശവ മേനോൻ ഹാളിൽ 'സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് 'അജ്ഞാത' കാരണത്താൽ യൂത്ത് കോൺഗ്രസ് സംഘാടനത്തിൽ നിന്ന് പിന്മാറി. ഇതാണ് എം.കെ. രാഘവനോട് പ്രകോപിപ്പിച്ചത്.
പിന്മാറ്റ വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന പേരിലുള്ള സാംസ്കാരിക കൂട്ടായ്മ പരിപാടിയുടെ പുതിയ സംഘാടകരായി രംഗത്തുവരികയും യൂത്ത് കോൺഗ്രസ് നിശ്ചയിച്ച അതേ വിഷയത്തിൽ അതേ വേദിയിൽ പരിപാടി നടത്തുകയും ചെയ്തു.
എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. വൈകീട്ടോടെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം. പിന്നാലെയാണ് സംഘാടകർ മാറി പരിപാടി നടത്തുമെന്ന അറിയിപ്പ് വന്നത്.
എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനുകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. തരൂരിന് ഏറെ അനുകൂലികളുള്ള തട്ടകമാണ് കോഴിക്കോട്. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടാൻ നടത്തിയ ശ്രമമാണ് പൊട്ടിയത്. എന്നാൽ, എം.കെ. രാഘവൻ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തു. ഇതോടെ തരൂർ അനുകൂലികളും എതിരാളികളും തമ്മിലെ പോര് മറനീക്കിയിരിക്കുകയാണ്. സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണ് യൂത്ത് കോൺഗ്രസ് പിന്മാറ്റത്തിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് നേതാക്കൾ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.