കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ബി.ജെ.പി നേതാവിന്‍റെ പരാതിയിൽ തനിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും ആർ.എസ്.എസും കരുതേണ്ടെന്നും ആയിരം മടങ്ങ് ശക്തിയിൽ സംഘികൾക്ക് എതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കുമെന്നും ഫേസ്ബുക്കിൽ റിജിൽ കുറിച്ചു.
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമര കാലത്ത് വിളിച്ച മുദ്രാവാക്യമാണ്. ആ സമയത്ത് സംഘികളും ആർ.എസ്.എസുകാരും ബ്രിട്ടീഷുകാരെ ഷൂ നക്കുന്ന തിരക്കിലായിരുന്നു. ഗാന്ധിജി വിളിച്ച മുദ്രാവാക്യമാണ് സംഘികൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറഞ്ഞ് പരാതി കൊടുത്തത്.
പിണറായി പൊലീസ് 153 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയാണോ എന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി. ആർ. രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് കുറ്റം.
പൊതുസമൂഹത്തിൽ കലാപമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.