തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എ ഷാൾ അണിയിക്കാൻ ശ്രമിച്ചത് നിരസിച്ച് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. ജോർജിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് പ്രകടമാക്കിയാണ് റിജിൽ മാക്കുറ്റി ഷാൾ നിരസിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കാണാനെത്തിയതായിരുന്നു പി.സി. ജോർജ്. യൂത്ത് കോൺഗ്രസ് നിരാഹാര സമരവേദിയിലെത്തിയ പി.സി. ജോർജ് സർക്കാറിനെ വിമർശിച്ചും യൂത്ത് കോൺഗ്രസിനെ പുകഴ്ത്തിയും പ്രസംഗിച്ചു. തുടർന്നാണ് നിരാഹാരം കിടന്ന നേതാക്കളെ അണിയിക്കാൻ ഷാളുമായി സമീപിച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളിയും എൻ.എസ്. നുസൂറും ഷാൾ സ്വീകരിച്ചെങ്കിലും റിജിൽ മാക്കുറ്റി തനിക്ക് വേണ്ടെന്ന് പറയുകയായിരുന്നു. 'വേണ്ടെങ്കിൽ വേണ്ട' എന്നായിരുന്നു ജോർജിന്‍റെ പ്രതികരണം.
താൻ അടുത്ത പ്രാവശ്യവും നിയമസഭയിലുണ്ടാകുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഉദ്യോഗാർഥികൾക്ക് ഉറപ്പു നൽകിയാണ് പി.സി. ജോർജ് മടങ്ങിയത്.
യു.ഡി.എഫിൽ തിരികെയെത്താൻ പി.സി. ജോർജ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. യു.ഡി.എഫ് പ്രവേശനത്തിന്‍റെ കാര്യത്തിൽ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.