കാസർകോട്: ഭർത്താവിന്റെ കൊലയാളികളെ കോടതി വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് കാസർകോട് പള്ളിയിൽ കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യ സഹീദ. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട വിധിയെക്കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ കുട്ടിയെ ചേർത്ത് പിടിച്ചാണ് ഇവർ കരഞ്ഞത്. ‘വിധിയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു’വെന്ന് പറഞ്ഞ ഇവർ പിന്നീട് വാക്കുകൾ കിട്ടാതെ ഇടറി.
പ്രതികളെ വെറുതെ വിട്ട വിധി ദുഖകരമാണെന്ന് റിയാസ് മൗലവിയുടെ സഹോദരൻ പ്രതികരിച്ചു. ‘ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. നല്ലൊരു വിധി ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും ബന്ധുക്കളുമെല്ലാം. ഇങ്ങനെ ഒരുവിധി വന്നതിൽ ദു:ഖമുണ്ട്’ -അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ പോകുന്ന കാര്യം മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസർകോട് പഴയ ചൂരി പള്ളിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അൽപസമയംമുമ്പാണ് വെറുതെ വിട്ടത്.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019ൽ കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചു.
കേസിൽ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.