കരിപ്പൂർ: കാലിക്കറ്റ് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിന് 2023 മാർച്ചിനകം ഭൂമി കൈമാറിയില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ ദീർഘിപ്പിക്കും. 2020 ആഗസ്റ്റിലെ വിമാനാപകടം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് റെസ 240 മീറ്ററാക്കാൻ നിർദേശിച്ചത്.
നിലവിൽ 90 മീറ്ററാണ് റൺവേയുടെ രണ്ട് അറ്റത്തും റെസയുടെ നീളം. റൺവേ 2,860 മീറ്റർ നീളമുണ്ടെങ്കിലും ഇപ്പോൾ 2,700 മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി 150 മീറ്റർ റെസയായാണ് പരിഗണിക്കുന്നത്. ഇതിനുപകരം ഇരുവശത്തും 240 മീറ്റർ നീളത്തിൽ ചതുപ്പുനിലമായി തന്നെ റെസ നിർമിക്കണമെന്നാണ് സമിതി ആവശ്യം.
കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ, മുൻ വ്യോമസേന മേധാവി ഫാലി ഹോമി മേജർ എന്നിവരടങ്ങിയ സമിതിയാണ് സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ 2,540 മീറ്ററായി കുറച്ച് റെസ 240 മീറ്ററാക്കണമെന്ന് നിർദേശിച്ചത്. റെസ നീളം കൂട്ടുന്നതുവരെ കോഡ് ഡി, ഇ ശ്രേണിയിലുള്ള വിമാന സർവിസുകൾ അനുവദിക്കരുതെന്നും ഇവർ നിർദേശിച്ചു.
റൺവേ നീളം കുറച്ച് റെസ ദീർഘിപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയും ജനപ്രതിനിധികൾ അടക്കമുള്ളവർ രംഗത്തിറങ്ങുകയും ചെയ്തതോടെയാണ് ഈ തീരുമാനം പിൻവലിച്ചത്. ഇതോടെ, നിലവിലുള്ള റൺവേ പൂർണമായി നിലനിർത്തി റെസ നീളം കൂട്ടാൻ തീരുമാനിച്ചു. ഇതിന് ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു സമിതി ആവശ്യപ്പെട്ടത്. തുടർന്നാണ് അടുത്തവർഷം മാർച്ചിനകം റെസ നീളം കൂട്ടുന്നതിനായി നിരപ്പായ ഭൂമി സർക്കാർ കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത്.
സമയപരിധിക്കകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേ നീളം കുറച്ച് റെസ നീട്ടും. ഇതോടെ അനുബന്ധ സജ്ജീകരണത്തിനുള്ള 20 മീറ്റർ ഉൾപ്പെടെ 320 മീറ്റർ കുറഞ്ഞ് റൺവേ 2,540 മീറ്ററാകും. ഇത് ഒഴിവാക്കുന്നതിന് 18.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഭൂമി വിട്ടുനൽകുന്നവർക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മികച്ച നഷ്ടപരിഹാരവും സംസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.