തിരുവനന്തപുരം: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടി സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. ഇതു ശരിയാണെന്ന് പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തി.
സംഘടനാ വിരുദ്ധ നടപടികളുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ ഇടുക്കി ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് വിടുകയായിരുന്നു.
പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും സഹകരിക്കാത്തതിന്‍റെ പേരിലും രാജേന്ദ്രനെതിരെ വിമർശനമുയർന്നു. മുൻ മന്ത്രി എം.എം. മണി പരസ്യമായി തന്നെ രാജേന്ദ്രനെ വിമർശിക്കുകയും ചെയ്തിരുന്നു.
തൊടുപുഴ: പാർട്ടിയിൽനിന്ന് നീതി ലഭിച്ചില്ലെന്നും ചിലരുടെ വാശി നടക്കട്ടെ എന്നും എസ്. രാജേന്ദ്രൻ. സമ്മേളനവേദികളിൽ തന്നെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം. മണിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും. സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് മാസമായി പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുകയാണ്. തന്നെ ജില്ലയിലെ ചില നേതാക്കൾ ജാതിയുടെ ആളായി ചിത്രീകരിച്ചതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. പാർട്ടിയെ നിജസ്ഥിതി അറിയിക്കുക എന്ന ബാധ്യത നിർവഹിച്ചിട്ടുണ്ട്. ഈ വിഷയം കൊണ്ടുവന്ന നേതാക്കൾക്ക് അടുത്ത തെരഞ്ഞെടുപ്പിലും അവരുടെ താൽപര്യം സംരക്ഷിക്കാൻ ഇതുപോലുള്ള കാര്യങ്ങൾ കാണും. താൻ സി.പി.എമ്മിന്റെ ഭാഗമായി തുടരും. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ ഉദ്ദേശ്യമില്ല. എം.എം. മണി പറഞ്ഞതെല്ലാം സംഘടന വിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. മറ്റേതെങ്കിലും പാർട്ടി സമീപിച്ചിരുന്നോ എന്ന ചോദ്യത്തോട് അതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.