പന്തളം: ശരണമന്ത്രങ്ങള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ തിരുവാഭരണ ഘോഷയാത്രക്ക് പന്തളത്തുനിന്ന് തുടക്കമായി. പന്തളം രാജാവ് രേവതിനാള്‍ പി. രാമവര്‍മരാജയുടെ സാന്നിധ്യത്തില്‍ പ്രത്യേക പൂജകള്‍ക്കും പതിവ് ചടങ്ങുകള്‍ക്കും ശേഷം, ആകാശത്ത് കൃഷ്ണപ്പരുന്തിന്‍െറ സാന്നിധ്യം കണ്ടപ്പോള്‍ ഉച്ചക്ക് ഒന്നിനാണ് വാദ്യമേളങ്ങളുടെയും ശരണംവിളികളുടെയും അകമ്പടിയോടെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.
മുന്നില്‍ തിരുവാഭരണപ്പെട്ടിയും പിന്നാലെ കൊടിപ്പെട്ടിയും കലശപ്പെട്ടിയുമായി തീര്‍ഥാടകര്‍ രാജവീഥിയിലൂടെ നിറഞ്ഞ് നീങ്ങി. വഴിത്താരകളിലും പന്തളം മണികണ്ഠന്‍ ആല്‍ത്തറയിലും വലിയകോയിക്കല്‍ ക്ഷേത്രാങ്കണത്തിലുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, വീണ ജോര്‍ജ് എം.എല്‍.എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ബി. രാഘവന്‍, അജയ് തറയില്‍, ദേവസ്വം ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരടക്കം വന്‍ ജനാവലി പുഷ്പങ്ങള്‍ ഇട്ട് സ്വീകരിച്ചു. രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലത്തെിയ ഘോഷയാത്ര വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് പുറപ്പെട്ട് പ്രയാര്‍ ക്ഷേത്രം പൂവത്തുംമൂട് കൊട്ടാര ക്ഷേത്രം വഴി ഉച്ചക്ക് ഒന്നിന് പെരുന്നാട് ക്ഷേത്രത്തിലത്തെും.
അവിടെനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പെരുനാട് രാജേശ്വരി മണ്ഡപം തോട്ടംവഴി രാത്രി ഒമ്പതിന് ളാഹ ഫോറസ്റ്റ് ഗെസ്റ്റ് ഹൗസില്‍ എത്തും. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശന സൗകര്യം ലഭിക്കും.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ളാഹയില്‍നിന്ന് പുറപ്പെട്ട് പ്ളാപ്പള്ളി നാറാണംതോട്ടം, നിലക്കല്‍ ക്ഷേത്രം, അട്ടത്തോട്, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, ശബരീപീഠം വഴി വൈകീട്ട് 5.30ന് ശരംകുത്തിയിലത്തെും. വൈകീട്ട് ആറിന് ഇവിടെനിന്ന് സന്നിധാനത്തേക്ക് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.