സഭ ടിവി ഭരണകക്ഷിയുടെ ചാനലായി; സഹകരിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നിയമസഭയിൽ​ നടത്തുന്ന പ്രതിഷേധം സഭാ ടി.വിയിൽ കാണിക്കാത്തതിൽ വിമർശനവുമായി പ്രതിപക്ഷം. വ്യാഴാഴ്ച ചോദ്യോത്തര വേള മുതൽ തന്നെ ബാനറും പ്ലക്കാർഡുകളുമുയർത്തി പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, ഈ സമയമെല്ലാം സ്പീക്കറിലേക്കും ചോദ്യങ്ങൾ ചോദിക്കുന്ന എം.എൽ.എമാരിലേക്കും മറുപടി പറയാൻ എഴുന്നേൽക്കുന്ന മന്ത്രിമാരിലേക്കും മാത്രമായി സഭാ ടി.വി ദൃശ്യങ്ങൾ.

ഇതു​ പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു. സഭയിലെ പ്രതിപക്ഷ പ്രതിഷേധം പുറത്തുവിടാതെ ഭരണകക്ഷിക്കു വേണ്ടി മാത്രമുള്ള ചാനലായി സഭാ ടി.വി മാറിയെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സഭാ ടി.വി ഇങ്ങനെയാണ്​ മുന്നോട്ടു പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന്​ പുനരാലോചന നടത്തേണ്ടിവരും. നിയമസഭയില്‍ എല്ലാ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താൻ അനുവാദം നല്‍കണമെന്നും ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാറിന്‍റെ നികുതി വർധവിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്. രാവിലെ എം.എൽ.എ ഹോസ്റ്റലിൽനിന്ന് കറുത്ത ബാനർ പിടിച്ച്​ കാൽനടയായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ അന്യായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് സഭ ടിവി സംപ്രേഷണം ചെയ്യാതിരുന്നത്.

സ്പീക്കർ ചോദ്യോത്തരവേളയിലേക്ക്​ കടന്നതോടെ വീണ്ടും പ്രതിപക്ഷ ബഹളം ഉയർന്നു. പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിൽനിന്ന്​ എഴുന്നേറ്റ്​ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി സ്‍പീക്കറുടെ ഡയസിന് മുന്നിലേക്കെത്തി. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്‍പീക്കറുടെ കാഴ്ച പലതവണ മറച്ചു. ഇത്​ ശരിയല്ലെന്ന്​ അംഗങ്ങളോട്​ സ്പീക്കർ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനിടെ മന്ത്രി എം.ബി. രാജേഷ് ചോദ്യങ്ങൾക്ക് മറുപടി തു‌ടർന്നു. ഉത്തരം മേശപ്പുറത്ത് വെക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും ഗൗരവ വിഷയമായതിനാൽ സഭയും ജനങ്ങളും അറിയണമെന്ന് പറഞ്ഞ് ബഹളത്തിനിടയിലും മന്ത്രി മറുപടി പറയുകയായിരുന്നു.

ബഹളം രൂക്ഷമായതോടെ പ്രതിപക്ഷാംഗങ്ങളോ‌ട് സീറ്റിലേക്ക് മടങ്ങാൻ സ്‍പീക്കർ പലതവണ നിർദേശിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഗൗരവമായ വിഷയത്തിനാണ് മറുപടി പറയുന്നതെന്നും അതിനാൽ അംഗങ്ങളെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് മുൻകൈ എടുക്കണമെന്നും സ്‍പീക്കർ പറഞ്ഞു. എന്നാൽ, ഇത്തരം ‍സാഹചര്യങ്ങളിൽ ചോദ്യോത്തരവേള സസ്‍പെൻഡ് ചെയ്യുന്നതാണ് കീഴ്‍വഴക്കമെന്നും സ്‍പീക്കർ അതിനു തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, സ്‍പീക്കർ അടുത്ത അംഗത്തെ ചോദ്യത്തിനായി ക്ഷണിച്ചു.

ഇതിനിടെ പ്രതിപക്ഷ എം.എൽ.എമാരായ അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, ഐ.സി. ബാലകൃഷ്‍ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്‍പീക്കറുടെ ഡയസിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. 9.28ന്​ ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ഭാഗം സ്പീക്കർ റദ്ദാക്കി. 22 മിനിറ്റുകൊണ്ട് അവസാന ന‌‌ടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പുറത്തേക്കിറങ്ങി.

Tags:    
News Summary - Sabha TV became the ruling party's channel -VD satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.