തിരുവനന്തപുരം: റോഡുകളിൽ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് പഠന റിപ്പോർട്ട്. വടക്കഞ്ചേരി വാഹനാപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും പഠിച്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് ശിപാർശ. അപകടസാധ്യതയേറിയ പ്രദേശങ്ങളെ ബ്ലാക്ക് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷ മുൻകരുതൽ വിലയിരുത്തണം. അപകടമുന്നറിയിപ്പ് ബോർഡുകളും സൂചകങ്ങളും പലയിടങ്ങളിലും പര്യാപ്തമല്ലെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. വടക്കാഞ്ചേരിയിൽ അപകടതീവ്രത വർധിപ്പിച്ചതിൽ റോഡിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
കെ.എസ്.ആര്.ടി.സിയില്‍ ഇടിച്ചശേഷം നിയന്ത്രണംതെറ്റി മുന്നോട്ട് നീങ്ങിയ ടൂറിസ്റ്റ് ബസ് റോഡ് അരികില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ കയറിയാണ് മറിഞ്ഞത്. 16 മീറ്റര്‍ ബസ് റോഡില്‍ ഉരഞ്ഞ് നീങ്ങി. റോഡ് ഷോള്‍ഡര്‍ കൃത്യമായി തയാറാക്കുകയോ ക്രോസ്ബാരിയര്‍ സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കില്‍ ബസ് മറിയുന്നത് ഒഴിവാക്കാമായിരുന്നു. ടാര്‍ ചെയ്തശേഷം റോഡരികിലെ ലൈന്‍ തെളിച്ചിരുന്നില്ല. റോഡിന്റെ വശങ്ങളില് പുല്ലുപടര്‍ന്നിരുന്നു. തെരുവ് വിളക്കുമില്ലായിരുന്നു. ഇതെല്ലാം മുൻ നിർത്തിയാണ് സുരക്ഷ ഓഡിറ്റിങ് ശിപാർശ.
ബസുകള്‍, ലോറികള്‍ തുടങ്ങിയ പൊതുവാഹനങ്ങളില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സംവിധാനം വേണം.
വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ആക്സിലറേറ്റര്‍ സ്വയം വേര്‍പെടുന്ന സജ്ജീകരണം വേണം. ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിര്‍ബന്ധമാക്കണം. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നത് തടയാന്‍ അലാറം ഏർപ്പെടുത്തുകയും റോഡിലെ പരിശോധന കര്‍ശനമാക്കുകയും വേണം.
അപകടങ്ങൾ കുറക്കാൻ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ കുറ്റകൃത്യങ്ങൾ സ്വയം പിടികൂടുന്ന കാമറകൾ സ്ഥാപിച്ച് ഒരു വർഷമാകുമ്പോഴും സാങ്കേതികപ്പൊരുത്തമില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാനായിട്ടില്ല. രണ്ടു വർഷത്തിനകം റോഡ് അപകടം പകുതിയായി കുറക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്താണ് കാമറകൾ സ്ഥാപിച്ചത്. ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ്വെയർ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നായിരുന്നു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.