കൊച്ചി: പാലാരിവട്ടത്ത് മോഡലുകളടക്കം മൂന്നുപേർ മരിച്ച കാർ അപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചൻ മയക്കുമരുന്ന് ഇടപാടുകളിൽ ഉൾപ്പെട്ടയാളെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കൊച്ചിയിലും മറ്റു നഗരങ്ങളിലും നടക്കുന്ന ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ട്. ഒപ്പം മയക്കുമരുന്ന് നൽകി യുവതികളെ ദുരുപയോഗം ചെയ്തതിെൻറ തെളിവുകൾ സൈജുവിെൻറ ഫോണിൽനിന്ന് ലഭിച്ചതായും അറിയുന്നു.
ഇയാളുടെ ചോദ്യംചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് സഹകരിക്കാത്ത ഇയാളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച ഉച്ചയോടെ അവസാനിക്കും. സൈജു ചൂഷണംചെയ്ത യുവതികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുന്നതിനും പൊലീസ് നടപടികൾ നീക്കിയിട്ടുണ്ട്. കൂടുതൽ കേസുകൾ ചുമത്താനും സാധ്യതയുണ്ട്. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനക്കും അയക്കും. ഇയാൾ നടത്തിയ വാട്സ്ആപ് ചാറ്റുകൾ മാരക മയക്കുമരുന്ന് ഇടപാടുകളുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ.
സൈജു കൈവശംവെക്കുന്ന ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് ഇറങ്ങിയ മോഡലുകളുടെ കാറിനെ ഇയാൾ പിന്തുടർന്ന് താമസസൗകര്യം വാഗ്ദാനം ചെയ്തതായാണ് വിവരം. മോഡലുകളെ കുടുക്കാൻ നടത്തിയ ഈ നീക്കം അവർ മനസ്സിലാക്കിയിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ മോഡലുകൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ പായുന്നതിനിടെയാണ് അപകടമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. ഒപ്പം കാർ ഡ്രൈവറുടെ അമിത മദ്യപാനവും അപകടത്തിലേക്ക് നയിച്ചു.
ലഹരി പാർട്ടികളിൽ പങ്കെടുത്തവരെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. സൈജു മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ. ഇതര സംസ്ഥാനത്തുനിന്ന് മാരകമയക്കുമരുന്നുകൾ കൊച്ചിയിൽ നടന്ന ഡി.ജെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നതിലൂടെ വൻതുക ഇയാൾ നേടിയിട്ടുണ്ടെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.