തിരുവനന്തപുരം: ആറുമാസത്തെ ഇടവേളക്കുശേഷം സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചുവരുമ്പോൾ ഒരിക്കൽക്കൂടി തെളിയുന്നത് പാർട്ടിക്ക് അദ്ദേഹത്തിലുള്ള അചഞ്ചലമായ വിശ്വാസം. സ്വന്തം മന്ത്രിയില്ലെന്ന ആലപ്പുഴ ജില്ലയുടെ പരിഭവത്തിനുമാണ് ഇതോടെ പരിഹാരമാകുന്നത്. ഒന്നാം പിണറായി സർക്കാറിൽ ആലപ്പുഴയിൽനിന്ന് സി.പി.എമ്മിന് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. തുടർഭരണത്തിൽ അവർ ഒഴിവാക്കപ്പെട്ടതോടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങി. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള ജില്ലയിൽനിന്ന് എത്തിയ സജി ചെറിയാൻ കഴിഞ്ഞ ജൂലൈയിൽ ഭരണഘടന വിവാദത്തിൽപ്പെട്ട് രാജിവെച്ചതോടെ ജില്ലക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാതായി.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ സജി ചെറിയാന്റെ മന്ത്രിസ്ഥാനം തുടർഭരണത്തിൽ ഏകദേശം ഉറപ്പായിരുന്നു. ആദ്യ അവസരമായിരുന്നിട്ടും ചുരുങ്ങിയകാലംകൊണ്ട് മികച്ച ഭരണാധികാരിയെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഭരണത്തിന്റെ ഒന്നാം വാർഷികത്തിന് പിന്നാലെ അദ്ദേഹത്തിന് അപ്രതീക്ഷിതമായി പദവി നഷ്ടപ്പെട്ടു. ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയായിരുന്നു രാജി പ്രഖ്യാപനം.
സജി ചെറിയാൻ മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും പകരക്കാരനെ നിയമിക്കാതെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്കായി വിഭജിച്ചുനൽകിയപ്പോൾതന്നെ മടങ്ങിവരവ് ഉറപ്പായിരുന്നു. വിവാദ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ അദ്ദേഹത്തിന് അനുകൂലമായി കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് തിരിച്ചുവരവിന്റെ കാര്യത്തിൽ പാർട്ടിയും തീരുമാനമെടുത്തത്.
റിപ്പോര്‍ട്ടില്‍ കോടതി അന്തിമതീരുമാനമെടുക്കുംമുമ്പ് വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന് അദ്ദേഹത്തിലുള്ള വിശ്വാസ്യതക്ക് അടിവരയിടുന്നതാണിത്. കാലങ്ങളോളം യു.ഡി.എഫ് കോട്ടയായിരുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽനിന്ന് ആലപ്പുഴ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ച സജി ചെറിയാൻ ജില്ലയിൽ പാർട്ടിയുടെ കരുത്തനാണ്. അതിനാലാണ് ഭരണഘടനയുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിട്ടും പാർട്ടിയുടെ പൂർണസംരക്ഷണം അദ്ദേഹത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.