കോഴിക്കോട്∙ മരിച്ച നിലയിൽ കണ്ടെത്തിയ പരസ്യചിത്ര മോഡലായ ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവ് ഉമൈബ. ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ പറഞ്ഞു. ഒന്നര വർഷമായി മകളെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ സജ്ജാദ് അനുവദിക്കുന്നുണ്ടായിരുന്നില്ലെന്നും ഉമ്മ പറഞ്ഞു.
നാട്ടുകാരെത്തിയപ്പോൾ മൃതദേഹം സജാദിന്റെ കൈയിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും ഒന്നര വർഷമായി തടവറയിൽ ഇട്ട പോലെയായിരുന്നു ഷഹനയെന്നും സഹോദരൻ പറഞ്ഞു.'ജനൽ കമ്പിയിൽ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. അത് ഒരിക്കലും സാധ്യമല്ല. അത്രയും ബോൾഡാണ് അവൾ. ഇങ്ങനെ ചെയ്യില്ല. പ്രശ്നമുള്ള സമയത്തെല്ലാം സജാദിന്റെ മാതാവിനെയും പിതാവിനെയും ബന്ധപ്പെട്ടിരുന്നു. ആ സമയത്തെല്ലാം ഒരു പ്രശ്നവുമില്ലെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരും നല്ല നിലയിലാണ്, പലപ്പോഴുമുണ്ടാകുന്ന പ്രശ്നമാണ്, അത് ശരിയാകുമെന്നെല്ലാം പറഞ്ഞിരുന്നു.'- സഹോദരൻ പറഞ്ഞു.
ഷഹന ജ്വല്ലറി പരസ്യങ്ങളിൽ മോഡലായാണ് ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്കുണ്ടായിട്ടുള്ളതായും വിവരമുണ്ട്.
ഷഹനക്കും ഭർത്താവിനുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധു പറഞ്ഞു. ഇക്കാര്യം പറഞ്ഞ് സഹോദരനെയും ഉമ്മയെയുംവിളിച്ചിരുന്നു. എന്നെ ഇവർ കൊല്ലാൻ സാധ്യതയുണ്ട് എന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഭർത്താവ് ഫോൺ കൊടുക്കുന്നുണ്ടായിരുന്നില്ല. ഒന്നര വർഷമായി വീടുമായി ഷഹനക്ക് ഒരു ബന്ധവുമില്ല. പെൺകുട്ടിയെ തടവറയിലിട്ട പോലെയായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്പിൽ ബസാറിൽ ഇന്നു പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാൻ പോലും സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവർ വിവാഹ ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകക്ക് താമസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.