ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ പെടുത്തി കോഴിക്കോട് വിമാനത്താവളം 2025നു മുമ്പ് സ്വകാര്യവൽക്കരിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കോഴിക്കോടും മംഗലാപുരവും ചെന്നൈയും അടക്കം വിമാനത്താവള അതോറിട്ടിക്ക് കീഴിലുള്ള 25 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറി 10,782 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിലെ സൗഗത റായിയെ അറിയിച്ചു.
കോഴിക്കോട് വിമാനത്താവള റൺവേയുടെ രണ്ടറ്റത്തും സുരക്ഷിത മേഖലയായ റെസ നിർമിക്കാൻ സംസ്ഥാന സർക്കാർ ഭൂമി നിരപ്പാക്കി എയർപോർട്ട് അതോറിട്ടിക്ക് കൈമാറാതെ വൈഡ് ബോഡി വിമാനങ്ങൾ കോഴിക്കോട്ട് ഇറക്കില്ലെന്ന് എം.കെ രാഘവനെ വ്യോമയാന സഹമന്ത്രി വി.കെ സിങ്ങും അറിയിച്ചു. ചോദിച്ച വിശദാംശങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്.
ശബരിമല വിമാനത്താവള നിർമാണ കാര്യത്തിൽ സൈറ്റ് ക്ലിയറൻസിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനിൽ നിന്ന് വിമാനത്താവള സ്റ്റിയറിങ് കമ്മിറ്റി കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും, കോർപറേഷൻ ഇക്കഴിഞ്ഞ 12ന് നൽകിയ വിശദാംശങ്ങൾ പരിശോധിച്ചു വരുകയാണെന്നും കെ. സുധാകരനെ മന്ത്രി വി.കെ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.