ഹക്കീം ഫൈസിയെ പുറത്താക്കൽ: ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നു -Video

കോഴി​ക്കോട്: കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിയതിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നു. സുന്നി ആശയങ്ങൾക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നടപടിയെടുത്തത്.

ഇത്തരം പ്രവർത്തനങ്ങൾ ഹക്കീം ഫൈസിയുടെ ഭാഗത്ത് നിന്നുണ്ടായതായി രേഖാമൂലം പരാതി ലഭിച്ചിരുന്നുവെന്നും അന്വേഷണ സമിതി അക്കാര്യം കണ്ടെത്തിയെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നും പറഞ്ഞു. സമസ്ത കേരളാ ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിലടക്കം പ്രവർത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

മറ്റുള്ളവരുടെ വാദമുഖങ്ങൾ അറിയാൻ അവരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കണമെന്ന നിലപാടാണ് ഫൈസിയെ 'വഴിതെറ്റിച്ചത്' എന്നാണ് എതിർപക്ഷം ഉന്നയിക്കുന്ന ഒരു ആരോപണം. 'പരന്ന വായനയാണ് പ്രശ്നം. ഫൈസിക്കും മക്കൾക്കും പറ്റിയ പ്രശ്നം അതാണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ പ്രബോധനം വാരികയാണ് കാണാറുള്ളത്. അദ്ദേഹം വ്യക്തിപരമായി വളരെ നല്ല മനുഷ്യനാണ്. മോശമായ​തൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഏക മകളെ മൂന്ന് വർഷം ചേന്ദമംഗലൂരി​ലെ ജമാഅത്ത് സ്ഥാപനത്തിലാണ് പഠിപ്പിച്ചത്​. അത്കാരണം ആ മകൾ ഇപ്പോൾ മാലമൗലൂദിന് എതിരാണ്. കുടുംബഗ്രൂപ്പുകളിലൊക്കെ അതിനെതിരെ ശക്തിയുക്തം വാദിച്ചുകൊണ്ടിരിക്കുകയാണ്. മൂത്ത മകൻ സുഹൈലിന്റെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്' എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ.

എന്നാൽ, ചെറുപ്പം മുതൽ എല്ലാ പ്രസിദ്ധീകരണങ്ങളും ഫൈസി വായിക്കാറുണ്ടെന്നും അത് അദ്ദേഹത്തിന്റെ സുന്നി ആദർശങ്ങൾക്ക് കൂടുതൽ ദൃഢത പകരുകയാണ് ചെയ്തതെന്നും അ​ദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണക്കുന്നവർ പറയുന്നു. 'ഗൾഫിൽ ജോലി ചെയ്യുന്ന കാലം മുതൽ അദ്ദേഹം പ്രബോധനം വായിക്കാറുണ്ട്. സാഹിത്യ വാരഫലം വായിക്കാൻ കലാകൗമുദി സ്ഥിരമായി വാങ്ങാറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ കൈയ്യിൽ കലാകൗമുദിയാണ് കാണ്ടിരുന്നത്. അൽമുബാറക് തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളും സ്ഥിരമായി വായിക്കാറുണ്ട്. പ്രബോധനം വായിച്ചിട്ട് അദ്ദേഹം ഇതുവരെ ജമാഅത്തായിട്ടില്ല. അദ്ദേഹത്തിന്റെ സൗഹൃദത്തിലുള്ള ജമാഅത്തുകാരുമായി ഇപ്പോഴും ശക്തിയുക്തം സംവാദങ്ങൾ നടത്താറുണ്ട്. ജമാഅത്തിന്റെ ശാന്തപുരം കാമ്പസിൽ നടന്ന കോൺവൊക്കേഷനിൽ അവരുടെ വേദി ഉപയോഗിച്ച് സുന്നത് ജമാഅത്തിന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ കാന്തപുരം മർകസിന്റെ നോളജ് സിറ്റിയിൽ നടന്ന ക്ലൈമറ്റ് സമ്മിറ്റിലും അദ്ദേഹം പ​ങ്കെടുത്തിട്ടുണ്ട്.

മകൾ മൂന്നുവർഷം ജമാഅത്ത് സ്ഥാപനത്തിൽ പഠിച്ചു എന്നത് ശരിയല്ല. ഒമ്പതാം ക്ലാസിൽ മാത്രമാണ് അവിടെ പഠിച്ചത്. സുന്നി എന്ന ഐഡന്റിറ്റി കാത്തുസൂക്ഷിച്ചതിന്റെ പേരിൽ ചിലരിൽനിന്ന് പരിഹാസം ഏറ്റുവാങ്ങിയതിനാലാണ് മകൾ അവിടെയുള്ള പഠനം നിർത്തിയത്. അന്ന് സുന്നത് ജമാഅത്തിന് കീഴിൽ അത്തരം സ്ഥാപനങ്ങൾ ഇല്ലാത്തതിനാലാണ് മകളെ അവിടെ പഠിപ്പിക്കേണ്ടി വന്നത്. ഇപ്പോൾ പെൺകുട്ടികൾക്കായി വഫിയ്യ സ്ഥാപനം തുടങ്ങിയത് ഈ കുറവ് നികത്താനാണ്. വീടുനിർമാണത്തിലും മറ്റും കന്നിമൂല തുടങ്ങിയ അനാചാരങ്ങളെ എതിർക്കുന്നതിനാലാണ് മകളെ സുന്നി നിലപാടിന് വിരുദ്ധയായി ചിലർ ചിത്രീകരിക്കുന്നത്. മക​ൻ സുഹൈലിന്റെ നിലപാടുകളും സുന്നിവിരുദ്ധമല്ല' - വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, തനിക്കെതിരെയുണ്ടായ നടപടി വേദനാജനകമാണ് എന്നായിരുന്നു അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ പ്രതികരണം. 'സുന്നി ആശയങ്ങൾക്കെതിരെ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. തന്‍റെ വിശദീകരണം കേട്ടിട്ടില്ല. സമസ്ത എനിക്കെതിരെ ഒരു നടപടിയെടുത്താലും ഞാൻ സുന്നിയാണ്, സമസ്തയാണ്. അവസരം ഉണ്ടെങ്കിൽ ഇനിയും പ്രവർത്തിക്കും' - അദ്ദേഹം പറഞ്ഞു.

സുന്നി ആദർശത്തിൽ അടിയുറച്ച് നിൽക്കുന്നയാളാണ് ഞാൻ. ഇപ്പോൾ ആരോപിക്കുന്ന കുറ്റമെന്തെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. 25 കൊല്ലമായി സമസ്തയുടെ പാതയിലാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന് ഒട്ടും അറിയില്ല. ആരോപണവിധേയനെ ഒരുവട്ടമെങ്കിലും കേൾക്കുകയെന്നത് പട്ടാളക്കോടതിയിൽ പോലും നടപ്പുള്ളതാണ്. സമസ്തയും സി.ഐ.സിയും തമ്മിലുള്ള തർക്കം ഇവിടെ വരുന്നില്ല. സമസ്തക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് പറയുന്നത്. സി.ഐ.സി കൂട്ടുത്തരവാദിത്തത്തിലാണ് പ്രവർത്തിക്കുന്നത് -അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു. 

Full View

Tags:    
News Summary - Samastha expels Abdul Hakeem Faizy, head of Coordination of Islamic Colleges (CIC)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.