മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കൾ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ലീഗും സമസ്തയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ പരക്കുന്നതിനിടെയായിരുന്നു സന്ദർശനം. ഹൈദരലി തങ്ങളുടെ ക്ഷണപ്രകാരമാണിത്.
രാവിലെ എട്ടരയോടെയെത്തിയ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ഒരുമണിക്കൂറിലധികം ലീഗ് സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചു. സമസ്ത ഉപാധ്യക്ഷൻ കൂടിയായ ഹൈദരലി തങ്ങളെ കണ്ടതിൽ രാഷ്ട്രീയമില്ലെന്ന് ജിഫ്രി തങ്ങൾ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് ആലിക്കുട്ടി മുസ്ലിയാരെ ലീഗ് വിലക്കിയെന്ന ആരോപണം സമസ്ത നിഷേധിച്ചു. ലീഗും സമസ്തയും എക്കാലത്തും ഒറ്റക്കെട്ടാണ്. ഇരുസംഘടനയുടെയും നേതാക്കൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ആലിക്കുട്ടി മുസ്ലിയാരെ വിമർശിച്ച് ലീഗ് നേതാവ് എം.സി. മായിൻ ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച് ആരാഞ്ഞപ്പോൾ, അത് മായിൻ ഹാജിയോട് ചോദിക്കണമെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് ഹൈദരലി തങ്ങളും വ്യക്തമാക്കി.
കേരളപര്യടനത്തിെൻറ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോൾ വിവിധ സംഘടനാപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ആലിക്കുട്ടി മുസ്ലിയാർ വിട്ടുനിന്നതിന് പിന്നിൽ ലീഗ് സമ്മർദമാണെന്ന് വാർത്തയുണ്ടായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ, ആരും തടഞ്ഞിട്ടില്ലെന്നും ദേഹാസ്വാസ്ഥ്യംമൂലം മടങ്ങിയതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഹൈദരലി തങ്ങളും സമസ്ത നേതൃത്വവും നടത്തിയത് പതിവ് കൂടിക്കാഴ്ച മാത്രമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മായിൻ ഹാജിയുടെ സന്ദേശം സംബന്ധിച്ച് അദ്ദേഹംതന്നെ വിശദീകരണം നൽകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.