സമസ്തയെന്ന മതസംഘടനക്ക്​ വർഗീയ ചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല -പി. ജയരാജൻ

കോഴിക്കോട്​: സമസ്തയെന്ന മതസംഘടനക്ക്​ വര്‍ഗ്ഗീയചിന്ത ഉള്ളതായി വിമര്‍ശിച്ചിട്ടില്ലെന്ന്​ സി.പി.എം നേതാവ്​ പി. ജയരാജൻ. സുപ്രഭാതം പത്രത്തിന്‍റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാവണ്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂർവം തെറ്റിദ്ധാരണ പരത്താനാണ്. ഡിസംബര്‍ 19ലെ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്​ലിം ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്‍റെ നേതൃത്വംതന്നെ ലീഗ് ഏറ്റെടുക്കകയാണോ എന്ന സംശയം ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം.

മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കൈയിലേന്തിയ വർഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സി.പി.എം പ്രവര്‍ത്തകന്‍ എന്ന നിലക്ക്​ ഇതിനോട് പ്രതികരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വർഗീയ പ്രചാരണത്തിന്‍റെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികള്‍ക്ക് കാണാന്‍ കഴിയുകയില്ല. സമസ്തയെന്ന മതസംഘടനയ്ക്ക് വര്‍ഗ്ഗീയചിന്ത ഉള്ളതായി ഞാന്‍ വിമര്‍ശിച്ചിട്ടുമില്ല.

അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്​ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമര്‍ശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വർഗീയതക്ക്​ തിരികൊളുത്തുന്നത് യു.ഡി.എഫ് ആണ്. ജമാഅത്ത്-വെല്‍ഫെയര്‍ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവര്‍ സമസ്തയില്‍ ഉണ്ടെന്നതും വസ്തുതയാണ്.

നാനാ വർഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന സര്‍ക്കാറാണ് പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് സർക്കാർ. ആ മുഖ്യമന്ത്രിയെയും സി.പി.എം നേതാക്കളെയും വർഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - Samastha, a religious organization, has not been criticized for having communal thinking. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.