തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കി ഹൈകോടതി. കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധവും അനിഷ്ട സംഭവങ്ങളും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ. നാരായണൻകുട്ടി നൽകിയ പരാതിയും തെക്കേ ഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും കാണുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈകോടതി സ്വമേധയ എടുത്ത കേസും പരിഗണിച്ചാണ് ഉത്തരവ്.
ഹൈകോടതി ദേവസ്വം ബെഞ്ചിന്‍റെതാണ് ഉത്തരവ്. ക്ഷേത്രാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായാണ് ആരാധനയെന്നും ക്ഷേത്രത്തിൽ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ വിശദീകരണം ഹൈകോടതി അംഗീകരിച്ചു.
മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കം മാലിന്യം നീക്കുന്നുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥർ ക്ഷേത്രത്തിനകത്ത് ഭക്ഷണം വിതരണം ചെയ്യുന്നില്ല. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്ലാസ്റ്റിക് പാത്രങ്ങളോ ബോട്ടിലുകളോ സൂക്ഷിച്ചിട്ടില്ല. പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനകത്ത് മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റാണെന്നും ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ല. റോക്ക് സംഗീത പരിപാടികൾ അനുവദിക്കരുത്. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കിൾ ഇൻസ്പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.