സംഘപരിവാര്‍ നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിർന്ന സംഘ്​പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായിരുന്നു. ആർ.എസ്​.എസിൽനിന്നാണ്​ ബി.ജെ.പിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.

ബി.ജെ.പിയുടെ കേരള കടിഞ്ഞാണ്‍ ഒരുകാലത്ത് മുകുന്ദന്‍റെ കൈയിലായിരുന്നു. 1980-90ൽ​ സംസ്ഥാനത്ത്​ ബി.ജെ.പി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക്​ വഹിച്ചു. 1966 മുതല്‍ 2007 വരെ 41 വര്‍ഷം രാഷ്ട്രീയ സ്വയംസേവക്​ സംഘിന്‍റെ പ്രചാരകായിരുന്നു. 1946 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തലയില്‍ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും കുളങ്ങരയ്യത്ത് കല്യാണിയമ്മയുടെയും മകനായാണ്​ ജനനം. മണത്തല യു.പി സ്കൂള്‍, പേരാവൂര്‍ സെന്‍റ്​ ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

ഹൈസ്കൂള്‍ പഠനകാലത്താണ്​ ആർ.എസ്​.എസിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർ.എസ്​.എസ്​ ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകും. 1972ല്‍ തൃശൂര്‍ ജില്ല പ്രചാരകായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച്​ രണ്ടുമാസത്തിനുശേഷം ജയില്‍മോചിതനായി. കോഴിക്കോട്ടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ട്​ പ്രവര്‍ത്തിച്ചു.

തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടുകൂടിയാണ്​ മുഖ്യധാരയിലെത്തിയത്. ഡോ. മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയുടെ കേരളത്തിലെ മുഖ്യസംഘാടകനായിരുന്നു. 1991ല്‍ ബി.ജെ.പി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത്​ തുടർന്നു. 1988 മുതല്‍ 1995 വരെ ബി.ജെ.പി മുഖപത്രം ‘ജന്മഭൂമി’യുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് 10​ വർഷത്തോളം സജീവ രാഷ്ട്രീയത്തില്‍നിന്ന്​​ മാറിനിന്ന മുകുന്ദന്‍ 2022 ഓടെ ബി.ജെ.പിയിലേക്ക്​ തിരികെയെത്തിയിരുന്നു. അവിവാഹിതനാണ്​. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ

മുകുന്ദന്‍റെ ഭൗതികശരീരം ആർ.എസ്​.എസ്​ സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ ഉച്ചക്ക്​ രണ്ടുവരെ പൊതുദർശനത്തിന് വെച്ചശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി. തൃശൂർ, കോഴിക്കോട്, തലശ്ശേരി ​ അടക്കം വിവിധയിടങ്ങളിലും പൊതുദർശനത്തിന്​ സൗകര്യം ഒരുക്കിയിരുന്നു. സംസ്കാരം വ്യാഴാഴ്​ച ഉച്ചക്കുശേഷം പേരാവൂർ മണത്തലയിലെ വീട്ടുവളപ്പിൽ.

Tags:    
News Summary - Sangh Parivar leader P.P. Mukundan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.