കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് സമർപ്പിച്ച റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന പട്ടികവർഗ കമീഷൻ. വെറുതെ ഒരാൾ തൂങ്ങിമരിക്കുമെന്നാണോ കരുതുന്നതെന്ന് ഡി.സി.പിയോട് കമീഷന് ചെയര്മാന് ബി.എസ്. മാവോജി ചോദിച്ചു. നാലുദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ അദ്ദേഹം നിര്‍ദേശം നല്കി.
അതേസമയം, വിശ്വനാഥന്റെ മരണത്തിൽ ദേശീയ പട്ടികവർഗ കമീഷനും കേസെടുത്തു. ഡി.ജി.പിക്കും കോഴിക്കോട് ജില്ല കലക്ടർക്കും സിറ്റി പൊലീസ് കമീഷണർക്കും കമീഷൻ നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം ഇതുസംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്നാണ് നിർദേശം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ കെ. സുദർശൻ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് റിപ്പോർട്ട് പൂർണമല്ലെന്നും പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനുമാത്രം കേസെടുത്തത് ശരിയായ നടപടിയല്ല. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ട കമീഷൻ, പട്ടികജാതി-വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള വകുപ്പ് ചേർക്കാനും നിർദേശം നൽകി.
മെഡിക്കൽ കോളജിൽ മൊബൈൽ ഫോൺ മോഷണം പോയതിനെത്തുടർന്ന് ചില സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് അന്നേ ദിവസം മെഡിക്കൽ കോളജിൽ എന്താണ് നടന്നതെന്ന് വ്യക്തമല്ലെന്നും പറയുന്നു. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണം നടത്തി പൊലീസ് നിഗമനങ്ങളിൽ എത്തേണ്ടതുണ്ട്. അത്തരം റിപ്പോർട്ടാണ് കമീഷനിൽ സമർപ്പിക്കേണ്ടതെന്നും മാവോജി പറഞ്ഞു.
അതിനിടെ, കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഏതൊക്കെയെന്ന് വിശദമാക്കണമെന്ന് ഡി.ജി.പി അനിൽ കാന്തിനും കോഴിക്കോട് ജില്ല കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡിക്കും സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണക്കും ദേശീയ പട്ടികവർഗ കമീഷൻ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങൾക്ക് പുറമെ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.