പട്ടികജാതി ഗോത്രവർഗ കമീഷൻ : പരാതികൾ നൽകുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമീഷനിൽ പരാതികൾ നൽകുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു. പരാതികളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾക്ക് കമീഷന് സഹായകരമാകുന്ന വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേക്കായി പുറപ്പെടുവിച്ചത്.

കമീഷനിൽ സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷികളുടെ പേരും, പൂർണമായ മേൽവിലാസവും, ജില്ല, പിൻകോഡ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകർ കഴിവതും ഫോൺ / മൊബൈൽ നമ്പർ  എന്നിവയും ഇ-മെയിൽ (ഉണ്ടെങ്കിൽ) വിലാസവും ഉൾപ്പെടുത്തണം. പരാതിക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ജാതി വിവരവും വ്യക്തമാക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേൽ കമീഷൻ നടപടി സ്വീകരിക്കില്ല.

കമീഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന പരാതികളിൽ മാത്രമേ നിയമപ്രകാരം കമീഷന് നടപടി എടുക്കാൻ സാധിക്കുകയുള്ളൂ. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളുടെ പകർപ്പിന് മേൽ കമീഷനിൽ നടപടിയുണ്ടായിരിക്കില്ല. പരാതി വിഷയം പൊലീസ് ഇടപെടലുകൾ ആവശ്യമുള്ളതാണെങ്കിൽ, ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും, അറിയുമെങ്കിൽ ഏത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലാണ് ഈ സ്റ്റേഷൻ എന്നുമുള്ള വിവരവും ഉൾപ്പെടുത്തണം.

പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭ എന്നിവ സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ട പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭയുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തണം. വസ്തു സംബന്ധമായ പരാതി, വഴി തർക്കം എന്നിവയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് / താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തണം.

ഏതെങ്കിലും സർക്കാർ സ്ഥാപനത്തിനെതിരെയോ, അർധസർക്കാർ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരെയോ ആണ് പരാതിയെങ്കിൽ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേൽവിലാസവും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. പരാതി ഏതെങ്കിലും വ്യക്തികൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ എതിരെയാണെങ്കിൽ അവരുടെ പേരും മേൽവിലാസവും, ലഭ്യമെങ്കിൽ ഫോൺ നമ്പരും പരാതിയിൽ ഉൾപ്പെടുത്തണം. ഇ-മെയിൽ മുഖാന്തിരവും അല്ലാതെയും സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇ-മെയിൽ പരാതികളിൽ ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണമെന്നും രജിസ്ട്രാർ അറിയിച്ചു.

Tags:    
News Summary - Scheduled Castes and Scheduled Tribes Commission: issued instructions for lodging complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.