തിരുവനന്തപുരം: അറബി, സംസ്കൃതം സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിലെ ജനറൽ വിഭാഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി സോഫ്റ്റ്വെയർ പുനഃക്രമീകരിച്ചു. നിയന്ത്രണം നടപ്പാക്കിയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനെതിരെ ഭാഷാ അധ്യാപക സംഘടനകളും രക്ഷാകർത്താക്കളും ഉൾപ്പെടെ രംഗത്തുവന്നതോടെയാണ് നടപടി. കണ്ണൂർ ജില്ലയിൽ രണ്ട് സബ്ജില്ല കലോത്സവങ്ങൾ ഇതിനകം തുടങ്ങുകയും ചെയ്തശേഷമാണ് മാന്വൽ മാറ്റത്തിന്റെ മറവിൽ നിയന്ത്രണം കൊണ്ടുവന്നത്. ചർച്ചകളൊന്നുമില്ലാതെ നിലവിലുള്ള രീതിയിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയതിനെതിരെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഭാഷാ അധ്യാപക ഐക്യവേദി ഭാരവാഹികൾ എന്നിവർ വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയതിന് പിന്നാലെയാണ് നിയന്ത്രണം സോഫ്റ്റ്വെയറിൽനിന്ന് നീക്കിയത്. സ്കൂൾ കലോത്സവത്തിൽ ഒരു വിദ്യാർഥിക്ക് മൂന്നു വ്യക്തിഗത ഇനത്തിലും രണ്ട് ഗ്രൂപ് ഇനത്തിലും മത്സരിക്കാമെന്നാണ് വ്യവസ്ഥ.
എന്നാൽ, ഈ വ്യവസ്ഥയിലേക്ക് അറബിക്, സംസ്കൃതോത്സവങ്ങളിലെ പങ്കാളിത്തം പരിഗണിക്കാറില്ലായിരുന്നു. ഈ വർഷം മുതൽ അറബിക്, സംസ്കൃതോത്സവത്തിലെ പങ്കാളിത്തം കൂടി പരിഗണിച്ച് വിദ്യാർഥികളുടെ പങ്കാളിത്തം നിയന്ത്രിക്കാനാണ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. സർക്കുലർ പ്രകാരം വിദ്യാർഥിക്ക് പരമാവധി വ്യക്തിഗത ഇനത്തിൽ മൂന്നും ഗ്രൂപ് ഇനത്തിൽ രണ്ടും എൻട്രികൾ മാത്രം നൽകാൻ കഴിയുന്ന രീതിയിൽ കലോത്സവ വെബ്സൈറ്റിൽ കൈറ്റ് നിയന്ത്രണം കൊണ്ടുവന്നു. നിയന്ത്രണം പ്രതിഷേധത്തിനിടയാക്കുകയും രണ്ട് ഉപജില്ല കലോത്സവങ്ങൾ തുടങ്ങുകയും ചെയ്തതും പരിഗണിച്ചാണ് വെബ്സൈറ്റിൽ പുനഃക്രമീകരണം കൊണ്ടുവന്നത്. അതേസമയം, വിവാദ നിർദേശം പിൻവലിച്ച് ഡയറക്ടറുടെ സർക്കുലർ പുതുക്കി ഇറക്കണമെന്നും അധ്യാപക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.