54ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി നടക്കുന്ന സ്പെഷൽ സ്കൂൾ പ്രവൃത്തിപരിചയ മേള ശ്രദ്ധേയമായി. സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളിൽനിന്ന് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ പങ്കെടുത്തു. തേവര സേക്രഡ് ഹാർട്ട് കോളജിലായിരുന്നു മത്സരങ്ങൾ. കാഴ്ചപരിമിതി, കേൾവി പരിമിതി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
1500ലധികം വിദ്യാർഥികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പ്ലാസ്റ്റിക് കെയിൻ ഉപയോഗിച്ചുള്ള സഞ്ചി, പൂപ്പാത്രം നിർമാണം, ഈറ, മുള, മുത്തുകൊണ്ടുള്ള ഉൽപന്നങ്ങൾ, കാർഡ്, സ്ട്രോ ഉപയോഗിച്ചുള്ള നിർമിതികൾ, കയർ കൊണ്ടുള്ള ചവിട്ടി മെത്തകൾ, വർണക്കടലാസ് കൊണ്ടുള്ള വിവിധ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക് കെയിൻ കൊണ്ടുള്ള വരിച്ചിൽ, കോറപ്പുല്ല്, പാഴ്വസ്തുക്കൾ എന്നിവകൊണ്ടുള്ള ഉൽപന്ന നിർമാണം, ചൂരൽ പണി, കുട നിർമാണം, ചോക്ക് നിർമാണം, ചന്ദനത്തിരി നിർമാണം, ചിരട്ടകൊണ്ടുള്ള വസ്തുക്കൾ, കളിമൺ ശിൽപങ്ങൾ, ബാഡ്മിന്‍റൺ-വോളിബാൾ നെറ്റ് നിർമാണം തുടങ്ങി നിരവധി മത്സര ഇനങ്ങളാണ് ഉണ്ടായത്.
മത്സരത്തിന്‍റെ സമയത്തെക്കുറിച്ചുള്ള ആശങ്ക ചില മത്സരാർഥികളിൽ കാണാമായിരുന്നു. മത്സരത്തിനിടെയുണ്ടായ തെറ്റുകളിൽ ചിലർ കരഞ്ഞത് മേളയിലെ വേദനിപ്പിക്കുന്ന കാഴ്ചയായി. ഇവരെ ആശ്വസിപ്പിക്കാൻ ഒഫീഷ്യൽസും വിധികർത്താക്കളും ഏറെ പണിപ്പെട്ടു. എല്ലാ വിഭാഗങ്ങൾക്കും മൂന്ന് മണിക്കൂറാണ് നൽകിയിരുന്നത്. ഉച്ചയോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവും മേളയിലെത്തി വിദ്യാർഥികളുടെ പ്രകടനം നേരിൽക്കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.